പുതുനഗരത്ത് സി.പി.എം-സി.പി.ഐ മുഖാമുഖം

പുതുനഗരം: കാരാട്ട് കുളമ്പ് വാർഡിൽ സി.പി.എമ്മും സി.പി.ഐയും നേർക്കുനേർ മത്സരത്തിന്. എൽ.ഡി.എഫ് മുന്നണിയിൽ സീറ്റ് സി.പി.ഐക്ക് നൽകിയ വാർഡിൽ സി.പി.എം സ്ഥാനാർഥിയും മത്സരത്തിന് തയാറായതോടെ കാരാട്ടുകുളമ്പിൽ പ്രചാരണം ചൂടുപിടിച്ചു. സീറ്റ് നിലനിർത്താൻ സി.പി.ഐ ജില്ല സെക്രട്ടറി വരെ ചർച്ചകളിൽ പങ്കെടുത്തിട്ടും പരിഹാരം കാണാത്തതിനാൽ സി.പി.ഐ അണികളിൽ അസ്വാരസ്യം പുകയുകയാണ്. മുന്നണി മര്യാദകൾ ലംഘിച്ച് സി.പി.ഐക്കെതിരെ സി.പിചഎം മത്സരത്തിന് തയാറെടുക്കുന്നത് എൽ.ഡി.എഫ് സംവിധാനത്തിനു തന്നെ തിരിച്ചടിയാണെന്ന് മുതിർന്ന പാർട്ടി പ്രവർത്തകർ പറയുന്നു.

നേരത്തെ സി.പി.ഐ മത്സരിച്ച് വിജയിച്ച എട്ടാം വാർഡ് ഉൾപ്പെടുന്ന കാരാട്ട് കുളമ്പ് പ്രദേശത്ത് സി.പി.ഐ നേരത്തെ തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു. മുന്നണി ധാരണയിൽ ഒരു സീറ്റ് സി.പി.ഐക്ക് നൽകുമെന്ന് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തനം ആരംഭിച്ചതെന്ന് സി.പി.ഐ നേതാക്കൾ പറഞ്ഞു. എന്നാൽ, അവസാന സമയത്ത് സി.പി.എമ്മിന്റെ സ്ഥാനാർഥി പത്രിക നൽകുകയും പിൻവലിക്കേണ്ട സമയത്ത് പിൻവലിക്കാതിരിക്കുകയും ചെയ്തു.

ഇതോടെ ഈ വാർഡിൽ ചുറ്റിക അരിവാൾ നക്ഷത്രം അടയാളവും അരിവാൾ നെൽക്കതിർ അടയാളവും വ്യാപകമായി പതിച്ചിട്ടുണ്ട്. സി.പി.എം, സി.പി.ഐ, കോൺഗ്രസ്, ബി.ജെ.പി എന്നിവയും ഒരു സ്വതന്ത്രയും വാർഡിൽ മത്സരിക്കുന്നുണ്ട്. സി.പി.ഐയുടെ സ്ഥാനാർഥി ശാന്തകുമാരിയും സി.പി.എമ്മിന്റെ സ്ഥാനാർഥി ബിന്ദുവും ആണ്. കോൺഗ്രസിനുവേണ്ടി രാധാമണിയും മത്സരിക്കുന്നു. ദൈവാനയാണ് ബി.ജെ.പി സ്ഥാനാർഥി.

Tags:    
News Summary - CPM-CPI face to face in Puthunagaram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.