ധോണി ചെരുംകാട്ടിലെത്തിയ കാട്ടാന
ചെമ്മണാമ്പതി: തെന്മലയിൽ കാട്ടാനശല്യം നിയന്ത്രിക്കാൻ മതിയായ ഉദ്യോഗസ്ഥരില്ലാതെ വലഞ്ഞ് വനംവകുപ്പ്. കൊല്ലങ്കോട് റേഞ്ച് പരിധിയിലെ ഉദ്യോഗസ്ഥരെ മാത്രം ഉപയോഗപ്പെടുത്തിയാണ് നിലവിൽ ജനവാസമേഖലയിൽ ഇറങ്ങുന്ന കാട്ടാനകളെ തുരത്തുന്നത്. ദ്രുതകർമ സേനയെ നിയോഗിക്കാത്തത് പ്രതിസന്ധി തീർക്കുന്നുണ്ട്. ഇരുപതിലധികം കാട്ടാനകളാണ് വെള്ളാരം കടവ് മുതൽ ചെമ്മണാമ്പതി വരെയുള്ള പ്രദേശങ്ങളിൽ മാത്രമുള്ളത്. മൂന്ന് മാസം മുമ്പ് 24 കാട്ടാനകളാണ് ഈ പ്രദേശത്ത് എത്തിയിരുന്നത്. അപ്പോൾ കൊല്ലങ്കോട്, നെല്ലിയാമ്പതി, ആലത്തൂർ തുടങ്ങിയ റേഞ്ചുകളിലെ 60 വനം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി 48 മണിക്കൂർ പരിശ്രമം നടത്തിയാണ് തേക്കിൽചിറ, മാത്തൂർ പ്രദേശത്തുനിന്ന് ആനകളെ ചപ്പക്കാട് വഴി തമിഴ്നാട് അതിർത്തിക്കപ്പുറത്തേക്ക് കടത്തിവിട്ടത്. ചില ആനകൾ ദൗത്യം നടക്കുന്നതിനിടെ തിരിച്ചുവരികയുമുണ്ടായി. മഴയായതിനാൽ പിന്നീട് ദൗത്യം നിർത്തിവെച്ചു. സമാന രീതിയിൽ ദൗത്യം നടത്തിയാൽ മാത്രമേ നിലവിലെ 20 ആനകളെ ചപ്പക്കാട് ചെമ്മണാമ്പതി മേഖലയിൽനിന്ന് ഓടിക്കാൻ സാധിക്കൂ എന്നാണ് കർഷകർ പറയുന്നത്.
തമിഴ്നാട് അതിർത്തിയിൽ വനവുമായി പങ്കിടുന്ന പ്രദേശത്ത് സ്പ്രിംഗ് വൈദ്യുതി വേലി വളരെ ഉയരത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ 15 മീറ്ററിലധികം വീതിയിൽ ഇരുപുറവുമായി മരങ്ങൾ മുറിച്ചുമാറ്റി വൈദ്യുത വേലിയെ സംരക്ഷിക്കുന്നു. ഇതാണ് കാട്ടാനകൾ വ്യാപകമായ രീതിയിൽ തമിഴ്നാട്ടിലെ തെന്മലയോര പ്രദേശങ്ങളിൽ അതിർത്തി കടന്ന് എത്താതിരിക്കാൻ കാരണമെന്ന് ആനമലയിലെ കർഷകർ പറയുന്നു. തമിഴ്നാട്ടിലെ സമാന രീതിയിൽ പോത്തുണ്ടി വരെയുള്ള പ്രദേശത്ത് വൈദ്യുത വേലി സ്ഥാപിച്ച് ഇരുവശത്തെയും മരങ്ങൾ മുറിച്ചുമാറ്റുകയാണെങ്കിൽ കാട്ടാനകളുടെ വരവിനെ പ്രതിരോധിക്കാൻ കഴിയും. എന്നാൽ, ഇതിനായി അനുവദിച്ച 75 ലക്ഷത്തിലധികം രൂപ ഉപയോഗപ്പെടുത്തി നാല് കിലോമീറ്റർ ദൈർഘ്യത്തിൽ മാത്രമാണ് വൈദ്യുത വേലി നിർമിക്കാൻ സാധിക്കുക. തെന്മലയോരത്ത് കിടങ്ങ് സ്ഥാപിക്കാൻ പാറക്കെട്ടുകൾ വിഘാതമാകുന്നതും പ്രതിസന്ധിയാണ്.
54 കിലോമീറ്റർ ദൈർഘ്യമുള്ള മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി തുടങ്ങിയ തെന്മലയോര പ്രദേശങ്ങളിൽ സ്പ്രിംഗ് വേലി സ്ഥാപിക്കാൻ നാലു കോടിയിലധികം രൂപയാണ് ആവശ്യമായി വരുന്നത്. ഇത്രയും വലിയ തുക എം.പി, എം.എൽ.എ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ വികസന ഫണ്ടിൽനിന്ന് സംയുക്തമായി ചെലവഴിച്ചാൽ മാത്രമേ സാധ്യമാകൂ. ഇതിനുള്ള നടപടിക്രമങ്ങൾ ജനപ്രതിനിധികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സർക്കാറും ചേർന്ന് നടത്തണമെന്നാണ് തെന്മലയോര പ്രദേശത്തെ കർഷകരുടെ ആവശ്യം.
അകത്തേത്തറ: ധോണിയിൽ വീണ്ടും ഭീതി പരത്തി കാട്ടാന. അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ ചെരുംകാട് പരിസരങ്ങളിലാണ് 'പി.ടി-7' എന്ന കാട്ടാന ജനവാസ മേഖലക്കടുത്തുള്ള പ്രദേശങ്ങളിൽ ഒരാഴ്ചയായി രാത്രി കറങ്ങുന്നത്. പ്രഭാതസവാരിക്കിടെ ശിവരാമൻ കൊല്ലപ്പെട്ടതും നാലിലധികം പേർ ആക്രമണത്തിന് ഇരയായതും ഈ കാട്ടുകൊമ്പന്റെ പരാക്രമണത്തിലാണ്. വെള്ളിയാഴ്ച പകലും കാട്ടാന വനാതിർത്തി പ്രദേശങ്ങളിലെത്തിയത് നാട്ടുകാരുടെ ഭീതി ഇരട്ടിപ്പിച്ചു.
കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടി കൊണ്ടുപോകാൻ വയനാട്ടിൽ കൂട് ഒരുങ്ങുകയാണ്. കുങ്കിയാനകളും വിദഗ്ധരും ആനയുടെ സഞ്ചാരവഴികൾ നിരീക്ഷിക്കുന്നുണ്ട്. കാട്ടാന പേടി കാരണം ജനങ്ങൾ രാത്രിയും അതിരാവിലെയും വീടിന് പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്. കഴിഞ്ഞ ദിവസം കാട്ടാന ദേശീയപാതക്കരികെയുള്ള പ്രദേശങ്ങളിലാണ് തമ്പടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.