പാലക്കാട്: ഷാഫി പറമ്പിലിനെയും രാഹുൽ മാങ്കൂട്ടത്തിലിനെയും ഒഴിവാക്കി കോൺഗ്രസ് പാർട്ടിക്ക് മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് വ്യക്തമായതായി ബി.ജെ.പി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ. ‘ഇന്നലെ രാഹുൽ ഇവിടെ പാലക്കാട് എത്തിയ സമയത്ത് അദ്ദേഹത്തിന് ബൊക്കെ കൊടുത്തുകൊണ്ട് സ്വീകരിച്ചത് ആരാണ്? കോൺഗ്രസ് പാർട്ടിയുടെ നേതാക്കന്മാരാണ്. ഈ ഷാഫിയെയും രാഹുലിനെയും ഒന്നും ഒഴിവാക്കി കോൺഗ്രസ് പാർട്ടിക്ക് പോകാൻ സാധിക്കില്ല എന്നത് ഒരിക്കൽ കൂടി ബോധ്യം വന്നിരിക്കുകയാണ്. ഈ നാട്ടിലെ ജനങ്ങളെ പറഞ്ഞു പറ്റിക്കുകയാണ് കോൺഗ്രസുകാർ ചെയ്യുന്നത്. ഒരു വശത്ത് രാഹുലിനെ പുറത്താക്കി എന്ന് പറയുന്നു, അതേസമയത്ത് കോൺഗ്രസിന്റെ പ്രവർത്തകന്മാർ ഒക്കെ തന്നെ രാഹുലിനെ സ്വീകരിക്കുന്ന കാഴ്ചയും കാണുന്നു’ -പ്രശാന്ത് ശിവൻ പറഞ്ഞു.
രാഹുൽ എംഎൽഎ സ്ഥാനം രാജിവയക്കുന്നത് വരെ ബി.ജെ.പി പ്രതിഷേധിക്കും. ഒളിവിൽ കഴിയുന്നതിന് ഉൾപ്പെടെ കോൺഗ്രസിന്റെ ഒത്താശ ഉണ്ടായിട്ടായിരുന്നു. കോൺഗ്രസിന്റെ നേതാക്കന്മാർ തന്നെയാണ് അദ്ദേഹത്തിനോടൊപ്പമുള്ളത്. പാർട്ടിയിൽ നിന്ന് പുറത്താക്കി എന്ന് പറഞ്ഞ് കേരളത്തിലെ ജനങ്ങളെ വിഡ്ഡികളാക്കുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചത്. മുൻകൂർ ജാമ്യ അപേക്ഷയിൽ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞു കൊണ്ടുള്ള വിധി വരുന്നതിന് തൊട്ടു മുൻപ് കേരള പോലീസിന്റെ കയ്യെത്തും ദൂരത്ത് രാഹുൽ ഉണ്ടായിട്ടും അറസ്റ്റ് ചെയ്തില്ല. സംസ്ഥാന സർക്കാരും കോൺഗ്രസും രാഹുൽ മാങ്കൂട്ടവും തമ്മിൽ ഉണ്ടാക്കിയ ഡീലിന്റെ ഭാഗമായിട്ടാണ് അറസ്റ്റ് ചെയ്യാതെ വൈകിപ്പിച്ചത്. രാഹുൽ ഒളിവിലുള്ള സ്ഥലമൊന്നും പൊലീസിന് അറിയാഞ്ഞിട്ടല്ല -പ്രശാന്ത് പറഞ്ഞു.
ബലാത്സംഗക്കേസിനെ തുടർന്ന് 15 ദിവസമായി ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഇന്നലെയാണ് പുറത്തുവന്നത്. പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് സൗത്തിലെ സെൻറ് സെബാസ്റ്റ്യൻസ് സ്കൂളിലെ ബൂത്തിലെത്തി വോട്ട് ചെയ്യുകയായിരുന്നു. രണ്ടാം പീഡനക്കേസിൽ ബുധനാഴ്ച മുൻകൂർ ജാമ്യം ലഭിച്ചതിനെത്തുടർന്നാണ് രാഹുൽ ഒളിവുജീവിതം അവസാനിപ്പിച്ച് പാലക്കാട്ടെത്തിയത്.
ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്യാനെത്തിയേക്കുമെന്ന സൂചന രാവിലെ മുതല്‍ ശക്തമായിരുന്നു. വോട്ടെടുപ്പിന്‍റെ അവസാനഘട്ടത്തിൽ വൈകീട്ട് 4.55ഓടെയാണ് എത്തിയത്. എം.എല്‍.എ എത്തിയതോടെ വോട്ടിങ് കേന്ദ്രത്തിനു മുന്നില്‍ സി.പി.എം, ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിച്ചു. പ്രതിഷേധങ്ങളും കൂവലും വകവെക്കാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ ബൂത്ത് നമ്പര്‍ രണ്ടിൽ വോട്ട് ചെയ്ത് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.