കോയമ്പത്തൂർ തടാകം മേഖലയിലെ ഇഷ്ടികക്കളങ്ങൾക്കായി മണ്ണെടുത്ത പ്രദേശങ്ങളിലൊന്ന്
കോയമ്പത്തൂർ: കോയമ്പത്തൂർ ജില്ലയിൽ പ്രവർത്തിക്കുന്ന അനധികൃത ഇഷ്ടികക്കളങ്ങൾക്ക് 900 കോടി രൂപ പിഴ ചുമത്താൻ മലിനീകരണ നിയന്ത്രണ ബോർഡിനോട് ശിപാർശ ചെയ്ത് കേന്ദ്ര ഏജൻസി. തടാകം താഴ്വരയിലെ അനധികൃത ഇഷ്ടികക്കളങ്ങൾ മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കൂടുതൽ നഷ്ടപരിഹാരം ലഭിക്കാൻ പരിസ്ഥിതി പ്രവർത്തകർ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു.
തുടർന്നാണ് നടപടി. ഡൽഹി എനർജി ആൻഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ടിലെ (ഡി.ഇ.ആർ.ഐ) വിദഗ്ധർ നാല് മാസത്തോളം പഠനം നടത്തിയിരുന്നു. 3,000 കോടി രൂപയാണ് പിഴ ചുമത്താൻ മലിനീകരണ നിയന്ത്രണ ബോർഡിനോട് ശുപാർശ ചെയ്തിരുന്നത്. എന്നാൽ, തുക പുനഃപരിശോധിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് മൂന്ന് തവണ ആവശ്യപ്പെട്ടു. തുടർന്നാണ് 900 കോടി രൂപ പിഴ ചുമത്താനുള്ള ശിപാർശ. മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട് ഹൈകോടതിയിൽ സമർപ്പിക്കും. കോടതി ഉത്തരവ് പ്രകാരമാണ് തുടർനടപടികൾ സ്വീകരിക്കുക.
കോയമ്പത്തൂർ ജില്ലയിലെ ചിന്നത്തടാകം, സോമയംപാളയം, നഞ്ചുണ്ടപുരം, പന്നിമടൈ പഞ്ചായത്തുകളിലായി നിയന്ത്രണങ്ങൾ ലംഘിച്ച് 160 ലധികം അനധികൃത ഇഷ്ടികക്കളങ്ങളാണുള്ളത്. 50 മുതൽ 100 അടി വരെ താഴ്ചയിൽ നിന്നാണ് മണ്ണ് എടുത്തിരിക്കുന്നത്. ദേശീയ ഹരിത ട്രൈബ്യൂണൽ നാല് പഞ്ചായത്തുകളിലെ 185 ഇഷ്ടികക്കളങ്ങൾ നിരോധിച്ചിരുന്നു. ട്രൈബ്യൂണലിന്റെ നിർദ്ദേശപ്രകാരം ജില്ല കലക്ടറുടെ നേതൃത്വത്തിൽ ധാതുവിഭവ വകുപ്പ് ഉദ്യോഗസ്ഥർ അടുത്തിടെ കളങ്ങൾ പരിശോധിച്ചിരുന്നു.
നാല് പഞ്ചായത്തുകളിലായി 1.10 കോടി ക്യുബിക് മീറ്റർ മണ്ണ് അനധികൃത ഖനനം ചെയ്തെടുത്തതായി സ്ഥിരീകരിച്ചു. അനധികൃതമായി മണ്ണ് എടുത്തതിന് ഇഷ്ടികക്കളങ്ങൾക്ക് 373.74 കോടി രൂപ പിഴ ചുമത്താൻ കോയമ്പത്തൂർ ജില്ല കലക്ടർ ദേശീയഹരിത ട്രൈബ്യൂണലിനോട് നേരത്തെ ശിപാർശ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.