പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണങ്ങൾ സംബന്ധിച്ച് നിയമസഭ സമിതി റിപ്പോർട്ട് പുറത്തുവന്നിട്ടും വീഴ്ചകൾ പരിഹരിക്കാൻ അടിയന്തര നടപടിയെടുക്കാതെ സർക്കാർ. വകുപ്പുകളുടെ ഏകോപനത്തിന് അഗളി കേന്ദ്രീകരിച്ച് നോഡൽ ഓഫിസ് തുറക്കാൻ സർക്കാർ തയാറായിട്ടില്ല. ആദിവാസി ഗർഭിണികളുടേയും കുട്ടികളുടേയും സംരക്ഷണത്തിന് കോടികൾ ചെലവഴിക്കുന്നുണ്ടെങ്കിലും മാതൃശിശു മരണങ്ങൾ തുടരുന്നതിനാൽ വിശദമായ പഠനം വേണമെന്നാണ് ഒ.ആർ. കേളു അധ്യക്ഷനായ നിയമസഭ സമിതിയുടെ ശിപാർശ. അരിവാൾ രോഗിക്ക് അടിയന്തര ചികിത്സ ലഭിക്കുന്നില്ലെന്നും കമ്യൂണിറ്റി കിച്ചന്‍റെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും സമിതി റിപ്പോർട്ടിലുണ്ട്.
കോട്ടത്തറ ആശുപത്രിയിൽ ശിശു, ഗൈനക്കോളജി വിഭാഗങ്ങളിൽ സീനിയർ ഡോക്ടർമാരില്ല. ടെക്നീഷ്യന്മാരുടെ കുറവുണ്ട്. വെന്‍റിലേറ്റർ സൗകര്യമുള്ള ആംബുലൻസ്, കുട്ടികളുടെ ഐ.സി.യു എന്നിവ കോട്ടത്തറ ആശുപത്രിയിലില്ലെന്നും സമിതി പറയുന്നു. ശിശുമരണങ്ങൾ വർധിച്ചതിനെ തുടർന്ന് മന്ത്രി കെ. രാധാകൃഷ്ണൻ ഊരുകളിൽ നടത്തിയ സന്ദർശനത്തെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ ആക്ഷൻ പ്ലാൻ പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം കുറച്ചൊക്കെ പ്രവർത്തനങ്ങൾ മുന്നോട്ടുപോയിട്ടുണ്ടെങ്കിലും അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. കോട്ടത്തറ ആശുപത്രിയിൽ 155 കിടക്കകൾ സജ്ജീകരിച്ചതായി സർക്കാർ അവകാശപ്പെടുമ്പോഴും സീനിയർ ഡോക്ടർമാരുടെ അഭാവംമൂലം രോഗികളെ, മറ്റു ആശുപത്രികളിലേക്ക് റഫർ ചെയ്യേണ്ട അവസ്ഥയാണ് ഇപ്പോഴും.
പദ്ധതികളുടെ ഏകോപനത്തിന് സ്ഥിരം നോഡൽ ഓഫിസറെ നിയമിക്കുന്നതിന് പകരം അസി. കലക്ടർക്ക് ചുമതല നൽകിയിരിക്കുകയാണ്. മദ്യനിരോധന മേഖലയായി പ്രഖ്യാപിച്ച അട്ടപ്പാടിയിലെ ഊരുകളിൽ തമിഴ്നാട്ടിൽനിന്നടക്കം മദ്യം വ്യാപകമായി എത്തുന്നതായി മന്ത്രി കെ. രാധാകൃഷ്ണൻ തന്നെ തുറന്നുപറഞ്ഞിരുന്നു. മദ്യപാനമാണ് ആദിവാസികളിലെ ആരോഗ്യപ്രശ്നങ്ങളുടെ അടിസ്ഥാന കാരണങ്ങളിലൊന്ന് എന്നും സർക്കാർ വിലയിരുത്തിയിരുന്നു. എന്നാൽ, എക്സൈസ് നേതൃത്വത്തിൽ ബോധവത്കരണവും പേരിനുള്ള റെയ്ഡുകളും മാത്രമാണ് അട്ടപ്പാടിയിൽ ഇപ്പോഴും നടക്കുന്നത്. അട്ടപ്പാടി-മണ്ണാർക്കാട് ചുരം റോഡിന്‍റെ പുനരുദ്ധാരണത്തിനുപോലും ഗതിവേഗമില്ല. ആക്ഷൻ പ്ലാന്‍ പ്രഖ്യാപിച്ചശേഷവും രണ്ട് നവജാതശിശുക്കൾ അട്ടപ്പാടിയിൽ മരിച്ചു. എന്നാൽ, എല്ലാം നല്ല കാര്യക്ഷമമായി നടക്കുന്നുവെന്നാണ് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.