ഉയരെ പറന്ന് ആര്യജിത്ത്
പാലക്കാട്: ഓരോ തവണ ചാടാൻ ഒരുങ്ങുമ്പോഴും സ്റ്റെപ്പ് കിട്ടാതെ പിൻവാങ്ങിയ ആര്യജിത്ത് ഒടുവിൽ ഉയരെ ചാടി നേടിയത് സ്വർണം. സീനിയർ ബോയ്സ് വിഭാഗം ഹൈ ജമ്പിലാണ് അലനല്ലൂർ എച്ച്.എസ്.എസിലെ സി. ആര്യജിത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 1.72 മീറ്ററാണ് ആര്യജിത്ത് ചാടിയത്. 1.50, 1.55, 1.60, 1.63, 1.66, 1.70, 1.72 എന്നിങ്ങനെയാണ് ആര്യജിത്ത് ചാടിയത്. ഓരോ തവണയും നില മെച്ചപ്പെടുത്തി. അവസാന ചാട്ടത്തിനിടെ പരിക്കേറ്റെങ്കിലും സ്വർണത്തിളക്കത്തിൽ വേദന സന്തോഷത്തിലേക്ക് വഴി മാറി. 110 മീറ്റർ ഹർഡിൽസ് മത്സരവും ഉണ്ടായിരുന്നെങ്കിലും പരിക്കിനെ തുടർന്ന് പിന്മാറി. പ്ലസ് ടു വിദ്യാർഥിയായ ആര്യജിത്ത് ആദ്യമായാണ് ജില്ല കായികമേളയിൽ പങ്കെടുക്കുന്നത്. ആദ്യ മത്സരത്തിൽ തന്നെയുള്ള സ്വർണ നേട്ടം കൂടുതൽ സന്തോഷം പകരുന്നു. അടുത്തിടെ ജില്ലയിൽ നടന്ന അമച്വർ അത്ലറ്റിക് മീറ്റിൽ മൂന്നാം സ്ഥാനം നേടിയിരുന്നു. കോച്ച് രാജഗോപാലന്റെ കീഴിലാണ് പരിശീലനം. സി.സി. ശ്രീനിവാസൻ-ഗിരിജ ദമ്പതികളുടെ മകനാണ്. സഹോദരൻ അശ്വജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.