പാലക്കാട്: ആക്രി ലോഡുമായി പിടിച്ചെടുത്ത രണ്ട് ലോറികൾ വിട്ടുകൊടുക്കാൻ 3.50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് വാളയാർ ജി.എസ്.ടി എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ എൻഫോഴ്സ്മെന്റ് ഓഫിസറും പാലക്കാട് കുരുടിക്കാട് സ്വദേശിയുമായ പി.എൻ. സുമനെ വിജിലൻസ് പിടികൂടി. ഡീലർമാരിൽ നിന്ന് ബിൽ പ്രകാരം ശേഖരിച്ച സ്ക്രാപ്പ് ലോഡുകൾ വിൽക്കാൻ പൊള്ളാച്ചിയിലെ കമ്പനിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കുഴൽമന്ദത്ത് ജി.എസ്.ടി എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഉദ്യോഗസ്ഥർ ലോറികൾ പിടിച്ചെടുത്തത്.
ജി.എസ്.ടി എൻഫോഴ്സ്മെന്റ് ഓഫിസർ സുമൻ നിർദേശിച്ച പ്രകാരം പരാതിക്കാരനും കമ്പനി അക്കൗണ്ടന്റും പിറ്റേന്ന് ജി.എസ്.ടി ഓഫിസിലെത്തി രേഖകൾ മുഴുവൻ നൽകിയെങ്കിലും രേഖകൾ പഠിക്കട്ടെ എന്ന് പറഞ്ഞ് തിരിച്ചയച്ചു. തുടർന്ന് വീണ്ടും പരാതിക്കാരൻ ഓഫിസിലെത്തി സുമനെ കണ്ടപ്പോൾ 23 ലക്ഷം രൂപ പിഴ അടക്കണമെന്ന് ആവശ്യപ്പെട്ടു.
രേഖകൾ എല്ലാം ശരിയാണെന്നും പിഴത്തുക കുറച്ച് തരണമെന്നും പറഞ്ഞപ്പോൾ നാല് ലക്ഷം കൈക്കൂലി നൽകിയാൽ നോക്കാമെന്ന് പറഞ്ഞു. തുടർന്ന് എട്ട് ലക്ഷം രൂപ പിഴയടപ്പിച്ച ശേഷം കൈക്കൂലിയായി 3.5 ലക്ഷം രൂപ വേണമെന്നും അത് എത്തിക്കേണ്ട സമയം ഫോണിൽ അറിയിക്കാമെന്നും പറഞ്ഞ് ലോറികൾ വിട്ട് നൽകി. തുടർന്ന് സുമൻ ശനിയാഴ്ച പരാതിക്കാരനെ വിളിച്ച് ഞായറാഴ്ച രാവിലെ 11ന് 3.5 ലക്ഷം രൂപ നേരിട്ട് നൽകണമെന്ന് ആവശ്യപ്പെട്ടു. ഞായറാഴ്ച ഉച്ചക്ക് 1.40ന് പുതുശ്ശേരി കുരുടിക്കാട് ജങ്ഷന് സമീപം പരാതിക്കാരനിൽ നിന്ന് 3.5 ലക്ഷം രൂപ കൈക്കൂലി വാങ്ങവെ സുമനെ വിജിലൻസ് പിടികൂടുകയായിരുന്നു. പ്രതിയെ വിജിലൻസ് കോടതിയിൽ ഹാജരാക്കും. പാലക്കാട് വിജിലന്‍സ് ഡിവൈ.എസ്.പി ബെന്നി ജേക്കബ്, ഇന്‍സ്പെക്ടര്‍മാരായ ടി. ഷിജു അബ്രഹാം, അരുണ്‍പ്രസാദ്. എസ്, എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.