ദേശീയപാത ആലത്തൂർ സ്വാതി ജങ്ഷനിൽ മേൽപാലത്തിന് മുന്നോടിയായുള്ള സർവിസ് റോഡ് നിർമാണം
ആലത്തൂർ: ദേശീയപാത 544ലെ ആലത്തൂർ സ്വാതി ജങ്ഷനിൽ അടിപ്പാത നിർമിക്കുന്നതിന്റെ ഭാഗമായുള്ള സർവിസ് റോഡുകളുടെ നിർമാണം ഇഴയുന്നു. മാസങ്ങൾക്ക് മുമ്പ് തുടങ്ങിയ പ്രവൃത്തി എവിടെയും എത്തിയിട്ടില്ല. നാലുറോഡുകൾ ചേരുന്ന സ്വാതി ജങ്ഷനിൽ അപകടങ്ങൾ വർധിച്ചതിനെ തുടർന്നാണ് ദേശീയ പാതയിലെ പ്രധാന ജങ്ഷനുള്ളിലെല്ലാം അടിപ്പാതകൾ നിർമിക്കണമെന്ന ആവശ്യം ഉയർന്നത്.
ഇതിന്റെ ഭാഗമായി നിലവിലെ പാതയുടെ ഇരുവശങ്ങളിലും അനുബന്ധ പാതകൾ നിർമിച്ച് ഗതാഗതം അതുവഴി തിരിച്ചുവിട്ട ശേഷമേ പ്രധാന പാതയിൽ മേൽപാതയുടെ പ്രവൃത്തികൾ തുടങ്ങുവാൻ കഴിയുകയുള്ളൂ. എന്നതിനാലാണ് അനുബന്ധ പാത നിർമാണം തുടങ്ങിയത്. എന്നാൽ, തുടങ്ങിയ സമയത്തെ കാര്യക്ഷമത പിന്നീട് നിർമാണത്തിൽ കാണുന്നില്ല. പുതുതായി നിർമിക്കുന്ന അടിപ്പാതകൾക്ക് നാലുമീറ്റർ ഉയരവും 12 മീറ്റർ വീതിയുമായിരിക്കും. ലൈറ്റ് വെഹിക്കിൾ അണ്ടർപാസ് എന്ന് ദർഘാസിൽ പറഞ്ഞിരിക്കുന്നത് ജനങ്ങളിൽ ആശങ്കയുണ്ടാക്കിയിരുന്നു. ചെറിയ വാഹനങ്ങൾക്ക് മാത്രമേ പോകാൻ കഴിയു എന്നായിരുന്നു ആശങ്ക. എന്നാൽ, ഉയരം നാലുമീറ്റർ ആയതിനാൽ ഭാരം കയറ്റിയതുൾപ്പെടെ മിക്കവാഹനങ്ങൾക്കും സഞ്ചരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആലത്തൂർ അടിപ്പാത വഴിയാണ് പുതിയങ്കം-കാട്ടുശ്ശേരി ദേശങ്ങളിൽ നടക്കുന്ന വാർഷിക ആഘോഷമായ വേലയുടെ ആന എഴുന്നള്ളിപ്പുകൾ കടന്നുപോകേണ്ടത്. ഉയര കുറവ് വന്നാൽ ആനക്ക് കടന്നുപോകാൻ കഴിയാതെ വരുമെന്നത് അവരെയും ആകാംഷയിലാക്കിയിരുന്നു. നാലുമീറ്ററാണ് ഉയരം എന്നറിഞ്ഞതോടെ അതിന് തടസ്സം വരില്ല. ആലത്തൂരിലെ അടിപ്പാതയോടൊപ്പം പാലക്കാട് ജില്ലയിൽ കാഴ്ചപറമ്പ്, കുഴൽമന്ദം, തൃശൂർ ജില്ലയിൽ വാണിയമ്പാറ, മുടിക്കോട്, കല്ലിടുക്ക്, അമ്പല്ലൂർ, ചിറങ്ങര, കൊരട്ടി, മുരിങ്ങൂർ, പേരാമ്പ്ര എന്നിവിടങ്ങളിലും അടിപ്പാതകൾ വരുന്നുണ്ട്.
അടിപ്പാതകളുടെ മുകളിൽ വരുന്ന ദേശീയപാതയുടെ ഭാഗം ആറ് വരിയായിരിക്കും. ഇപ്പോൾ പാത നാലുവരിയാണെങ്കിലും പിന്നീട് ആറുവരിയാകുന്നത് കൂടി കണക്കിലെടുത്താണ് മുകൾ ഭാഗം ആറ് വരിയാക്കുന്നത്. പുതുതായി അടിപ്പാത നിർമിക്കുന്നിടങ്ങളിൽ റോഡിന്റെ ഉയരം നികത്താൻ മണ്ണ് നിറക്കാതെ തൂണിൽ നിർമിക്കണമെന്ന ആവശ്യവും ശക്തമാണ്. മണ്ണ് നിറച്ചാൽ ഒരു വശത്ത് മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുമെന്നതിനാൽ സമീപ വീടുകളിലേക്ക് വെള്ളം കയറുമെന്നും റോഡിന് കുറുകെ കടക്കാൻ വിഷമം നേരിടുമെന്നതും കണക്കിലെടുക്കേണ്ടതുണ്ട്. മണ്ണ് ഫില്ലിങ് വേണ്ട പില്ലർ മതിയെന്ന് അറിയിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്ക് സാമൂഹിക സംഘടനകൾ നിവേദനവും നൽകിയിട്ടുണ്ട്.
ഇനിയും അടിപ്പാത ആവശ്യമായ പാലക്കാട് ജില്ലയിലെ വാളയാറിനും വടക്കഞ്ചേരിക്കുമിടയിൽ 13 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആലാമരം, കഞ്ചിക്കോട് ആശുപത്രി ജങ്ഷൻ, കുരുടിക്കോട്, പുതുശ്ശേരി, വടക്കുമുറി, കണ്ണന്നൂർ, ചിതലിപ്പാലം, വെള്ളപ്പാറ, തോട്ടുപാലം, വാനൂർ ജങ്ഷൻ, ചീക്കോട്, അണക്കപ്പാറ, മംഗലം തുടങ്ങിയ സ്ഥലങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. അതിന്റെ നടപടികൾ ആയി വരുന്നതേ ഉള്ളു. സർവേ കഴിഞ്ഞ ശേഷമായിരിക്കും തീരുമാനമാകുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.