ചിറ്റിലഞ്ചേരി ഗോമതി എസ്റ്റേറ്റ് ഭാഗത്ത് കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ആളെ ബസ് ജീവനക്കാർ ബസിൽ കയറ്റി ആശുപത്രിയിലെത്തിക്കുന്നു
ആലത്തൂർ: ചിറ്റിലഞ്ചേരിയിൽ ജീവൻ അപഹരിച്ച് വാഹനാപകടങ്ങൾ തുടരുമ്പോഴും ഇത് ഒഴിവാക്കാൻ ഫലപ്രദമായ നടപടിയില്ല. ചൊവ്വാഴ്ച പുലർച്ച കടമ്പിടി ബിവറേജിന് സമീപം അജ്ഞാത വാഹനം ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. ഇടിച്ച വാഹനം ഏതെന്ന് അറിവായിട്ടില്ല. ഇതിന്റെ കുറച്ചകലെ ഗോമതി എസ്റ്റേറ്റ് ഇറക്കത്തിൽ തിങ്കളാഴ്ച രാവിലെ പിക്അപ് വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തിലും ഇടിച്ച വാഹനം നിർത്താതെ പോയിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചത് തൃശൂർ-ഗോവിന്ദാപുരം റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാർ. ഈ വഴി സർവിസ് നടത്തുന്ന ‘ലത ഗൗതം’ ബസിലെ ജീവനക്കാരും യാത്രക്കാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ബൈക്കിൽനിന്ന് തെറിച്ചുവീണ് പരിക്കേറ്റ് ബോധരഹിതരായി റോഡിൽ കിടന്ന ആളെ ആംബുലൻസ് എത്തുന്നതിന് മുമ്പ് അവിടെയെത്തിയ ബസ് ജീവനക്കാർ ബസിൽ കയറ്റി ഒന്നര കിലോമീറ്റർ അകലെയുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
തിങ്കളാഴ്ചത്തെ അപകടത്തിൽ നെന്മാറ ചാത്തമംഗലം കൊല്ലങ്കാട്ടിൽ ഗംഗാധരൻ (48), അയിലൂർ കയ്പഞ്ചേരി ഇടിയം പൊറ്റയിൽ സതീഷ് (38) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇവരിലൊരാളെ സംഭവമറിഞ്ഞ് ഓടി കൂടിയവർ ആംബുലൻസിൽ കയറ്റി ആശുപത്രിയിലെക്കയച്ചു. അടുത്ത ആളെകൊണ്ടുപോകാൻ ആംബുലൻസ് കാത്തുനിൽ ക്കുന്നതിനിടയിലായിരുന്നു ബസ് എത്തിയത്. പരിക്ക് ഗുരുതരമായതിനാൽ ഇരുവരെയും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.