പ്രതീകാത്മക ചിത്രം
പാലക്കാട്: ജില്ലയിൽ ഏഴുവർഷത്തിനുള്ളിൽ വിവിധ വാഹനാപകടങ്ങളിലായി നിരത്തിൽ ജീവൻ പൊലിഞ്ഞത് 2140 പേർക്ക്. മോട്ടോർ വാഹന വകുപ്പിന്റെ 2019 മുതൽ 2025 ആഗസ്റ്റ് വരെയുള്ള കണക്ക് പ്രകാരമാണിത്. 16,588 അപകടങ്ങളിലായാണ് ഇത്രയും പേർക്ക് ജീവഹാനി ഉണ്ടായത്. 18,026 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഈ വർഷം ചില മാസങ്ങളിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് മരണസംഖ്യ കൂടിയിട്ടുണ്ട്. ചില മാസങ്ങളിൽ കുറവുമുണ്ട്.
ആഗസ്റ്റിൽ 14 പേരാണ് മരിച്ചത്. 2024 ആഗസ്റ്റിൽ 16 പേർ മരിച്ചിരുന്നു. പലപ്പോഴും അമിതവേഗതയും അശ്രദ്ധയും ഗതാഗതനിയമങ്ങൾ ലംഘിക്കുന്നതുമെല്ലാമാണ് അപകടങ്ങൾക്കും മരണങ്ങൾക്കും വഴിയൊരുക്കുന്നത്. കഴിഞ്ഞ ഏഴ് വർഷത്തിൽ 2019ലാണ് ഏറ്റവും കൂടുതൽ അപകടമരണങ്ങൾ റിപ്പോർട്ട് ചെയ്തത് -407. 2419 അപകടങ്ങളാണ് ആ വർഷം സംഭവിച്ചത്. 2604 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ, 2024ൽ അപകടങ്ങളുടെ എണ്ണം 3091 ആയി വർധിച്ചു.
ഇത്രയും അപകടങ്ങളിലായി 3382 പേർക്ക് പരിക്കേറ്റപ്പോൾ 328 പേർക്കാണ് ജീവൻ നഷ്ടമായത്. ഈ വർഷം മാർച്ച് മാസത്തിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് -273 എണ്ണം. ഏറ്റവും കുറവ് ജൂലൈയിലാണ് -201. മാർച്ചിൽ തന്നെയാണ് കൂടുതൽ മരണങ്ങളും സംഭവിച്ചത് -36 എണ്ണം. ആകെ 197 മരണങ്ങളാണ് ഈ വർഷം ആഗസ്റ്റ് വരെ റിപ്പോർട്ട് ചെയ്തത്.
ഈ വർഷം മരണനിരക്ക് കുറവാണെന്നും ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്താനുള്ള എ.ഐ കാമറകൾ, ജില്ലയിലെ 31 ബ്ലാക്ക് സ്പോട്ടുകളിലുൾപ്പെടെ കൃത്യമായ പരിശോധന, സീറ്റ് ബെൽറ്റ്, ഹെൽമെറ്റ് പരിശോധന എന്നിവ മരണനിരക്ക് കുറക്കാൻ സഹായകമായതായും മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു.
തിരക്കേറിയ ജങ്ഷനുകളായ ചന്ദ്രനഗർ, കുരുടിക്കാട്, ചിതലി, കഞ്ചിക്കോട്, വൈവസ് പാർക്ക് ബെമ്ൽ തുടങ്ങി ഏഴിടങ്ങൾ പുതുതായി ബ്ലോക്ക് സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തുമെന്നും ഇവിടങ്ങളിൽ കർശന പരിശോധന നടത്തുമെന്നും അധികൃതർ പറഞ്ഞു. ദേശീയപാതയിൽ ലൈൻ ട്രാഫിക്കും കൃത്യമായി പാലിക്കണം. ലംഘിക്കുന്നവർക്കെതിരെ 1000 രൂപ പിഴയീടാക്കുമെന്നും പാലക്കാട് ആർ.ടി.ഒ സി.യു. മുജീബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.