പാലക്കാട്: മുനിസിപ്പൽ ബസ് സ്റ്റാൻഡ് പുനർനിർമാണത്തിനായി എം.പി ഫണ്ടിൽ നിന്ന് രണ്ട് കോടി അനുവദിച്ചതായി പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠൻ. മൂന്നുവർഷത്തിലധികമായി എങ്ങുമെത്താതെ കിടക്കുന്ന പ്രവൃത്തിക്ക് ഇത് പുത്തനുണർവാകുമെന്നും എം.പി പറഞ്ഞു.
ബസ് സ്റ്റാൻഡിനൊപ്പം ഷോപ്പിങ് കോംപ്ലക്സുമുൾക്കൊള്ളുന്ന ബൃഹത് പദ്ധതിയായിരുന്നു ആദ്യഘട്ടത്തിൽ നഗരസഭയുടേത്. പദ്ധതിക്ക് എം.പി ഫണ്ട് അനുവദിക്കാനാവാത്തതിനാൽ ബസ് സ്റ്റാൻഡ് എന്ന നിലയിൽ പുതുക്കിയ ശേഷമാണ് തുക അനുവദിക്കുന്നതെന്നും എം.പി വാർത്തസമ്മേളനത്തിൽ പറഞ്ഞു. 15 ബസുകൾക്ക് നിൽക്കാനാവുന്ന നിലയിൽ ആധുനിക രീതിയിലാണ് നിർമാണം.
പൊളിച്ച് നീക്കിയ ബസ്സ്റ്റാൻഡ് ഉണ്ടായിരുന്ന സ്ഥലത്ത് ആറുമാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാകും. ഇതിനുപുറമെ മറ്റെന്തെങ്കിലും നിർമാണം ഇവിടെ ആരംഭിക്കുന്ന പക്ഷം മാറ്റി സ്ഥാപിക്കാനാവുന്ന രീതിയിലാവും നിർമാണം.
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 19.10 കോടിയുടെ പിറ്റ്ലൈൻ പദ്ധതി ടെൻഡറടക്കമുള്ള നടപടികളിലേക്ക് എത്തിയിട്ടുണ്ടെന്നും എം.പി പറഞ്ഞു. ഇതോടെ പാലക്കാട് നിന്നും ദീർഘദൂര ട്രെയിനുകൾ ആരംഭിക്കാനാകുമെന്നാണ് കരുതുന്നത്. കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ മറ്റുജില്ലകളിൽ സ്ഥലമേറ്റെടുക്കലടക്കം സർക്കാറിന് വെല്ലുവിളിയാവും. എന്നാൽ പാലക്കാട് ഇതിനുള്ള പശ്ചാത്തലം ഇപ്പോൾ തന്നെയുണ്ട്. ഇതുകൂടെ കണക്കിലെടുത്ത് ജില്ലയിൽ എയിംസ് സ്ഥാപിക്കണമെന്ന് ആവശ്യമുന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടരവർഷത്തിനിടയിൽ എം.പി എന്ന നിലയിൽ മുൻഗാമിയേക്കാൾ മികവ് പുലർത്താനായെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.