പി.എസ്. നമ്പൂതിരിയുടെ ഓർമക്ക് 41 വയസ്സ്​​; ജീവിതം നോവലാക്കി ഇ.ഡി. ഡേവിസ്

തൃശൂർ: സമുദായ വിപ്ലവത്തിന് തീക്കനൽ കോരിയിട്ട 'അടുക്കളയിൽനിന്ന്​ അരങ്ങത്തേക്ക്' എന്ന വി.ടിയുടെ നാടകത്തിൽ മാധവനായി അഭിനയിച്ച പി.എസ്. നമ്പൂതിരിയുടെ വിയോഗത്തിന് ഞായറാഴ്ച 41 വർഷം. 1979 ജൂ​ൈല അഞ്ചിന് ആമ്പല്ലൂരിലെ പാർട്ടി ഓഫിസിൽ വെച്ചായിരുന്നു മരണം. നാടകകൃത്തും സാഹിത്യകാരനും സാഹിത്യ അക്കാദമി പബ്ലിക്കേഷൻ മാനേജറുമായ ഇ.ഡി. ഡേവിസ് ആണ് പി.എസ്. നമ്പൂതിരിയുടെ ജീവിതത്തെ നോവലാക്കി മാറ്റിയത്. കൊടകര നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ടു തവണ എം.എൽ.എ ആയ പി.എസ്. നമ്പൂതിരി, പി. കൃഷ്ണപ്പിള്ളയോടൊപ്പം കൊച്ചിയിലും മലബാറിലും കമ്യൂണിസ്​റ്റ്​ പാർട്ടി സംഘാടനത്തിന് നേതൃത്വം നൽകി​. പള്ളുരുത്തി ടിൻ ഫാക്ടറി സമരം, സിതാറാം മിൽ സമരം, അളഗപ്പ ടെക്​സ്​റ്റയിൽസ് സമരം, അന്തിക്കാട് ചെത്തുതൊഴിലാളി ഐക്യദാർഢ്യസമരം എന്നിവയിലെല്ലാം നേതൃപരമായ പങ്ക് വഹിച്ച് ജയിൽവാസമനുഭവിച്ചു. തൃശൂർ വിവേകോദയം സ്കൂളിൽ പഠിക്കുമ്പോൾ ദേശീയ പ്രസ്ഥാനത്തിൽ പങ്കെടുത്ത് കോഴിക്കോട്ട് പോയി ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്തു. തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, ആലിപ്പൂർ, ബെല്ലാരി, വെല്ലൂർ, രാജമുന്ദ്രി തുടങ്ങിയ ജയിലുകളിൽ ഒരു വ്യാഴവട്ടക്കാലം ജയിൽവാസമനുഷ്ഠിച്ചു. മർദനമേറ്റതിനെ തുടർന്ന് കാലിൽ ഉണങ്ങാത്ത വ്രണമുണ്ടായി. മർദനവും ജയിൽവാസവും തളർത്തിയ അദ്ദേഹത്തി​ൻെറ അവസാന കാല ജീവിതം വളരെ സംഘർഷഭരിതമായിരുന്നെന്ന് നോവലിൽ രേഖപ്പെടുത്തുന്നു. 35 അധ്യായങ്ങൾ ഉള്ള നോവലി​ൻെറ പേര് 'തോറ്റുമടങ്ങുന്നേരം' എന്നാണ്. നോവൽ നവംബറിൽ പ്രസിദ്ധീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.