മരുതുംകാട് കുടിവെള്ളപ്രശ്നം; പ്രതിഷേധവുമായി കോളനിവാസികൾ

മണ്ണാർക്കാട്: മരുതുംകാട് ആദിവാസി കോളനി ശുദ്ധജല വിതരണ പദ്ധതി മുടങ്ങിയതിനെതിരെ കോളനിവാസികള്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധക്കാര്‍ക്കൊപ്പം എത്തിയ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരും പഞ്ചായത്ത് അംഗങ്ങളും തമ്മില്‍ വാക്കേറ്റവുമുണ്ടായി. കുടിശ്ശിക അടക്കാത്തതിനെത്തുടര്‍ന്ന് കെ.എസ്.ഇ.ബി കുടിവെള്ള പദ്ധതിയുടെ വൈദ്യുതി വിച്ഛേദിച്ചതോടെ കോളനിവാസികളുടെ വെള്ളം മടങ്ങുകയായിരുന്നു. രണ്ടുമാസം മുമ്പ് വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചപ്പോള്‍ കുടിശ്ശികയായ 30,000 രൂപയില്‍ 15,000 രൂപ പഞ്ചായത്ത് ഇടപെട്ട് അടച്ചിരുന്നു. ബാക്കി തുക മൂന്ന് ഗഡുക്കളായി അടച്ച് തീര്‍ക്കാന്‍ കോളനിവാസികളോട് അറിയിച്ചതായി പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. എന്നാല്‍, കുടിശ്ശിക അടച്ച് തീര്‍ക്കാമെന്നും പിന്നീട് വരുന്ന ബില്ല് ഗുണഭോക്താക്കള്‍ ചേര്‍ന്ന് അടക്കണമെന്നാണ് അറിയിച്ചിരുന്നതെന്നും കോളനിവാസികള്‍ പ്രതികരിച്ചു. അവസാന ബില്‍തുക ഗുണഭോക്താക്കള്‍ ചേര്‍ന്ന് അടക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ അഞ്ച് ദിവസമായി കുടിവെള്ളം മുടങ്ങിയതോടെയാണ്​ കോളനിവാസികളും ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരും പഞ്ചായത്തിലെത്തിയത്. പ്രതിഷേധക്കാരും പഞ്ചായത്ത് അംഗങ്ങളും തമ്മില്‍ വിഷയത്തെച്ചൊല്ലി ഏറെ നേരം വാക്കേറ്റമുണ്ടായി. തുടര്‍ന്ന് മണ്ണാര്‍ക്കാട് എസ്‌.ഐ കെ.ആര്‍. ജസ്റ്റിന്‍ സ്ഥലത്തെത്തി അനുനയ ചര്‍ച്ച നടത്തുകയായിരുന്നു. കുടിശ്ശിക അടച്ച് ശുദ്ധജല വിതരണം പുനഃസ്ഥാപിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ്​ സമരക്കാര്‍ പിരിഞ്ഞുപോയത്. ഡി.വൈ.എഫ്‌.ഐ ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം, സി.പി.എം ലോക്കല്‍ സെക്രട്ടറി എന്‍. മണികണ്ഠന്‍, ലോക്കല്‍ കമ്മിറ്റി അംഗം അയിലക്കര മുഹമ്മദാലി, അനൂപ്, ജമാല്‍, അന്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.