ഹൈകോടതി വിധി പാടംനികത്തലിന്​ തടയിടുമെന്ന്​ പ്രതീക്ഷ

പാലക്കാട്​: 2008ലെ തണ്ണീർത്തട സംരക്ഷണ നിയമത്തിന്​ മുമ്പ്​ ഉടമസ്ഥാവകാശമുള്ളവർക്ക്​ മാത്രമാണ്​ വീടിനായി വയൽ നികത്താൻ അനുമതിയുള്ളതെന്ന​ ഹൈകോടതി ഡിവിഷൻ ബെഞ്ചിന്‍റെ വിധി പാടം നികത്തൽ തടയാൻ പരിധിവരെ സഹായകരമാകും. 2008 ആഗസ്റ്റ്​ 12ന്​ ശേഷം ഭൂമി കൈമാറി കിട്ടിയവർക്ക്​ ഇളവ്​ ലഭിക്കില്ലെന്ന വിധി​ നിലംനികത്തലിന്​ തടയിടാൻ പര്യാപ്തമാവുമെന്ന്​ പരിസ്ഥിതി പ്രവർത്തകരും കർഷക സംഘടനകളും പ്രതീക്ഷ പ്രകടിപ്പിക്കുന്നു​. കോടതി ഉത്തരവ്​ പ്രകാരം സർക്കാർ കർശന നിലപാടെടുത്താൽ, അനുദിനം ഇല്ലാതാവുന്ന പാടങ്ങൾ നിലനിർത്താൻ സഹായകരമാകും. കഴിഞ്ഞ സർക്കാർ, തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തുകയും ഇളവുകൾ അനുവദിക്കുകയും ചെയ്തതോടെ പാടം നികത്തൽ വ്യാപകമായിരുന്നു​. പാടം നികത്തലിന്​ അനുമതി തേടിയുള്ള അപേക്ഷകൾ റവന്യൂ-കൃഷി ഓഫിസുകളിലേക്ക്​ പ്രവഹിക്കുകയാണ്​. ഇവ യുദ്ധകാലാടിസ്ഥാനത്തിൽ തീർപ്പുകൽപ്പിച്ച്​ പരമാവധി വേഗത്തിൽ നിലംനികത്തലിന്​ അനുമതി ലഭ്യമാക്കാൻ സഹായകരമായ നിലപാടാണ്​ സർക്കാർ കൈകൊള്ളുന്നത്​. സംസ്ഥാനത്തെ വിവിധ ആർ.ഡി.ഒ ഓഫിസുകളിൽ നിലംനികത്തലിന്​ 1.20 ലക്ഷത്തിലേറെ അപേക്ഷകൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്​. ഇവയിൽ മിക്കതും നിയമം നിലവിൽ വന്നശേഷം പാടം വാങ്ങുകയും പഴുതുകൾ ഉപയോഗപ്പെടുത്തി നികത്തലിന്​ അപേക്ഷ സമർപ്പിക്കുകയും ചെയ്തവയാണ്. നിയമത്തിൽ വെള്ളം​ചേർത്ത്​, പാടം നികത്തലിന്​ മൗനാനുവാദം നൽകിയ സർക്കാർ നടപടികൾക്കുള്ള തിരിച്ചടിയാണ്​ ഹൈകോടതി ഡിവിഷൻ ബെഞ്ചിന്‍റെ സുപ്രധാന വിധിയെന്ന്​ ചൂണ്ടിക്കാണിക്കപ്പെടുന്നു. 2008​ൽ നിയമം നിലവിൽ വരുമ്പോൾ വയൽ കൈവശമുള്ളയാൾക്ക്​ താമസിക്കാൻ ജില്ലയിൽ വേറെ വീടില്ലെങ്കിലാണ്​ നഗരസഭയിൽ 2.02 ആർ, പഞ്ചായത്തുകളിൽ 4.4 ആർ എന്നിങ്ങനെ വീട്​ പണിയാൻ ഇളവ്​ അനുവദിച്ചിട്ടുള്ളതെന്ന്​ കോടതി പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.