ഒറ്റപ്പാലം: കാർഷിക മേഖല, കുടിവെള്ളം എന്നിവക്ക് ഊന്നൽ നൽകുന്ന അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. സമഗ്ര നെൽകൃഷി വികസനം നടപ്പിലാക്കുന്നതോടൊപ്പം കാർഷിക ഉൽപന്നങ്ങളെ മൂല്യ വർധിത വസ്തുക്കളാക്കി മാറ്റുന്നതിന് സബ്‌സിഡി നിരക്കിൽ മെഷിനറികൾ ലഭ്യമാക്കുക, പുതിയ സംരംഭത്തിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ പദ്ധതികൾക്കായി 45 ലക്ഷം രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്നതിന് അരക്കോടി നീക്കിവെച്ചു. 36,07,43,187 രൂപ വരവും 35,39,72,000 രൂപ ചെലവും 67,71,187 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി. ശശികുമാർ അവതരിപ്പിച്ചു. മൃഗസംരക്ഷണ പദ്ധതിയിൽ ജീവനോപാധിക്കായി കറവപ്പശു വിതരണം, ആട് വളർത്തൽ, തെരുവ് നായ് നിയന്ത്രണം, കാട വളർത്തൽ പദ്ധതികൾക്കായി 16.50 ലക്ഷം, പട്ടികജാതി വിഭാഗങ്ങൾക്ക് 100 വീടുകൾ നിർമിച്ചുനൽകുന്നതിനും വീട് വാസയോഗ്യമാക്കുന്നതിനുമായി അര കോടി, പട്ടികജാതി വിഭാഗങ്ങൾ കൂടുതൽ അധിവസിക്കുന്ന പ്രദേശങ്ങളിലെ കുടിവെള്ളം, റോഡ് എന്നിവക്കായി അര കോടി, സർവേയിൽ അതിദരിദ്രരായി കണ്ടെത്തിയ 32 പേരെ പുനരധിവസിപ്പിക്കാൻ ഒരു കോടി, വിശപ്പ് രഹിത, അഗതി രഹിത പഞ്ചായത്ത് പദ്ധതിക്ക് 15 ലക്ഷം, ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് 17.50 കോടി എന്നിങ്ങനെയും വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡൻറ് പി. വിജയലക്ഷ്‍മി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.