പാലക്കാട്: വിധവകളായ യുവതികളെ സംരംഭകത്വത്തിലേക്ക് ആവിഷ്കരിക്കാനുള്ള പ്രത്യേക പദ്ധതിയും തൊഴിൽ വിദ്യാലയവുമടക്കം . പ്രസിഡന്‍റ് കെ. ബിനുമോളുടെ അധ്യക്ഷതയില്‍ ജില്ല പഞ്ചായത്ത് ഭരണസമിതി ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി 2022 -23 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള 197.26 കോടിയുടെ ബജറ്റ് അവതരിപ്പിച്ചു. 197,26,75,914 രൂപ വരവും 185,40,25,200 രൂപ ചെലവും 11,86,50,714 രൂപ നീക്കിയിരിപ്പും ഉള്ള ബജറ്റാണ് അവതരിപ്പിച്ചത്. ജില്ല പഞ്ചായത്ത് തയാറാക്കിയ സർവേയിൽ 12,782 വിധവകളാണ് ജില്ലയിലുള്ളത്. കുടുംബശ്രീ, വനിത ശിശു വികസനം, ജില്ല വ്യവസായ കേന്ദ്രം എന്നിവയുടെ സഹായത്തോടെ വിവിധ പദ്ധതികള്‍ നടപ്പാക്കാനായി ബജറ്റിൽ എട്ടു കോടി വകയിരുത്തിയിട്ടുണ്ട്. 5000 പുതിയ തൊഴിലവസരങ്ങള്‍ ഇതിന്‍റെ ഭാഗമായി സൃഷ്ടിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ. ബിനുമോള്‍ പറഞ്ഞു. കൃഷി ഉള്‍പ്പെടുന്ന ഉല്‍പാദന മേഖലക്ക് 40 ശതമാനത്തോളം തുക നീക്കിവെച്ചിട്ടുണ്ട്. സമൃദ്ധി പദ്ധതിയടക്കം പ്രത്യേക ഘടക പദ്ധതിയിലെ ഒരു കോടി ഉള്‍പ്പെടെ 11 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ക്ഷീരകര്‍ഷകര്‍ക്ക് പാലിന് ലിറ്ററിന് ഒരു രൂപ സബ്‌സിഡി നല്‍കുന്ന ക്ഷീര സമൃദ്ധി പദ്ധതിക്ക് ഒന്നര കോടി, ഉത്തരവാദിത്ത ടൂറിസം പദ്ധതിക്കായി അഞ്ചുകോടി, ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് 25 ലക്ഷം, കാറ്റില്‍ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പദ്ധതിക്ക് മൂന്ന് കോടി എന്നിങ്ങനെയാണ് വകയിരുത്തിയിട്ടുള്ളത്. പട്ടികജാതി, പട്ടികവർഗ വിദ്യാർഥികള്‍ക്ക് തൊഴില്‍ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ആവിഷ്കരിക്കുന്ന ജോബ് സ്കൂളിനായി 50 ലക്ഷമാണ് വകയിരുത്തിയത്. വിദ്യാർഥികൾക്ക് മത്സരപരീക്ഷകളില്‍ പ്രായോഗിക പരിശീലനം നൽകുന്ന പദ്ധതിയിൽ 2022 -23 വര്‍ഷത്തില്‍ 100 വിദ്യാർഥികള്‍ക്ക് പ്രവേശനം നൽകും. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് വരുമാനവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലതലത്തില്‍ ആധുനിക കേന്ദ്രം നിര്‍മിക്കും. താമസിക്കുന്നതിനും തൊഴില്‍ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയായിരിക്കും കേന്ദ്രത്തിന് രൂപം കൊടുക്കുക. സ്ഥിര വരുമാനത്തിന് പ്രയാസമനുഭവിക്കുന്ന പ്രതിഭാധനരായ ഫുട്‌ബാള്‍ താരങ്ങളെ കോര്‍ത്തിണക്കി ജില്ല പഞ്ചായത്തിന്‍റെ ഉടമസ്ഥതയില്‍ ധനരാജിന്‍റെ സ്മരണാർഥം ഫുട്‌ബാള്‍ ടീം രൂപവത്കരിക്കുന്നതിനായി ഇക്കുറിയും ബജറ്റിൽ 50 ലക്ഷം വകയിരുത്തിയിട്ടുണ്ട്. ലഹരിക്കെതിരെ കുട്ടികളുടെ നാടകം വണ്ടികള്‍ നടപ്പാക്കും. പൊതു ഉടമസ്ഥതയില്‍ ജില്ലയില്‍ മാനസികാരോഗ്യകേന്ദ്രം, ഡി അഡിക്ഷന്‍ സെന്‍റര്‍ ആരംഭിക്കും. ലഹരിക്കെതിരെ സിനിമ നിർമിക്കുന്നതും ജില്ല പഞ്ചായത്തിന്‍റെ പരിഗണനയിലുണ്ട്. ഈ കാര്യങ്ങള്‍ക്കായി ഒരു കോടിയാണ് വകയിരുത്തിയത്. ജില്ലയിൽ വൃക്ക മാറ്റിവെക്കപ്പെട്ടവര്‍ക്ക് തുടര്‍ ചികിത്സയും മരുന്നും സൗജന്യമായി നല്‍കുന്ന സ്‌നേഹസ്പര്‍ശം പദ്ധതി ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകളുടെ സഹായത്തോടെ തുടരും. കരള്‍ മാറ്റിവെക്കപ്പെട്ടവരെയും ഹീമോഫീലിയ രോഗികളെയും പദ്ധതിയിൽ ഉള്‍പ്പെടുത്തും. ഇതിൽ ജില്ല പഞ്ചായത്ത് വിഹിതമായി ഒരു കോടി രൂപ വകയിരുത്തി. സേവന മേഖലയില്‍ 35 കോടിയുടെ പദ്ധതികൾ, വയോജന ക്ഷേമത്തിന് മൂന്നര കോടി, കുട്ടികളുടെ പാർക്ക്, അംഗൻവാടി ആധുനികീകരണം എന്നിവക്ക് മൂന്നര കോടി, വനിത മുന്നേറ്റ പദ്ധതികള്‍ക്കായി എട്ടു കോടി, പട്ടികവര്‍ഗ ക്ഷേമത്തിന് അഞ്ചു കോടി, സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കുമായി 22 കോടി, റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 32 കോടി എന്നിങ്ങനെയാണ് വകയിരുത്തിയിട്ടുള്ളത്. ബജറ്റ് അവതരണത്തില്‍ ജില്ല പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ഭരണസമിതി അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, വിവിധ വകുപ്പ് മേധാവികള്‍, നിർവഹണ ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.