മുള്ളി വഴി ഊട്ടിയിലേക്കുള്ള യാത്ര തടഞ്ഞ് തമിഴ്നാട്

അഗളി: അട്ടപ്പാടി മുള്ളി വഴി മഞ്ചൂർ, ഊട്ടി, കിണ്ണക്കര തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള വഴിയടച്ച്​ തമിഴ്നാട് വനം വകുപ്പ്. ഇതോടെ സംസ്ഥാനത്തുനിന്ന്​ അട്ടപ്പാടി വഴി നീലഗിരി, ഊട്ടി പ്രദേശങ്ങൾ സന്ദർശിക്കാനെത്തുന്ന സഞ്ചാരികൾ അതിർത്തിയിലെത്തി നിരാശരായി മടങ്ങേണ്ടിവരുകയാണ്​​. അട്ടപ്പാടിയിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. മുള്ളി ചെക്ക്പോസ്റ്റ് മുതൽ മഞ്ചൂർ വരെ പ്രദേശം തമിഴ്നാട് വനം വകുപ്പിന് കീഴിലാണുള്ളത്. നേരത്തേ ചെറിയ തുക യാത്രക്കാരിൽനിന്ന്​ ഈടാക്കി ചെക്ക്പോസ്റ്റ് അധികൃതർ കടത്തിവിട്ടിരുന്നു. ഒന്നര വർഷം മുമ്പ്​ തമിഴ്നാട് ഇത് നിയമപരമായി ഗതാഗതത്തിന് തുറന്നുകൊടുക്കുകയും റോഡിന്‍റെ അറ്റകുറ്റപ്പണികൾ തീർക്കുകയും ചെയ്തു. പിന്നീട് അടുത്ത കാലത്തായാണ് സഞ്ചാരികൾക്ക് ഇതുവഴി നിരോധനം ഏർപ്പെടുത്തിയത്. കാട്ടാനകളുടെ പ്രജനനകാലമാണെന്നും സഞ്ചാരികളെത്തുന്നത് അവയെ അലോസരപ്പെടുത്തുമെന്നുമാണ് കാരണമായി പറയുന്നത്. കാട്ടുതീ ഉണ്ടാകാനുള്ള സാധ്യതയും ഉള്ളതായി പറയുന്നു. തമിഴ്നാട് വനം വകുപ്പിന്‍റെ തീരുമാനത്തിൽ പ്രതിഷേധിച്ച് താവളം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ മുള്ളി ചെക്ക്പോസ്റ്റിലേക്ക് ശനിയാഴ്ച മാർച്ച് നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.