ചോലനായ്ക്കർക്ക്​ ആദരവുമായി തപാൽ കവർ പുറത്തിറക്കി

നിലമ്പൂർ: അന്താരാഷ്ട്ര വനദിനത്തോടനുബന്ധിച്ച്, ഏഷ്യയിലെ ഏക ഗുഹാവാസികളായ ചോലനായ്ക്കർക്ക്​ ആദരവുമായി പ്രത‍്യേക തപാൽ കവർ പുറത്തിറക്കി. കേരള വനം-വന്യജീവി വകുപ്പും തപാല്‍ വകുപ്പ് മഞ്ചേരി ഡിവിഷനും സംയുക്തമായാണ് കവര്‍ പുറത്തിറക്കിയത്. അടുത്തിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ചോലനായ്ക്ക മൂപ്പനായ മാതനെ സംബന്ധിച്ച വിവരങ്ങളും ഫോട്ടോയും സ്റ്റാമ്പും ഉൾപ്പെടെയാണ് കവര്‍ തയാറാക്കിയിട്ടുള്ളത്. 2005ലെ റിപ്പബ്ലിക് ദിന പരേഡില്‍ രാഷ്ട്രപതിയുടെ വിശിഷ്ടാതിഥിയായി ചോലനായ്ക്കര്‍ വിഭാഗത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത മാതന്റെ സ്മരണാർഥമെന്ന നിലയില്‍ കൂടിയാണ് തപാല്‍ കവര്‍. കോഴിക്കോട് ഉത്തരമേഖല പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ടി. നിര്‍മലദേവി നിലമ്പൂര്‍ സൗത്ത് ഡിവിഷന്‍ ഡി.എഫ്.ഒ പി. പ്രവീണിന് നല്‍കിയാണ് പുറത്തിറക്കിയത്. നിലമ്പൂര്‍ ഹെഡ് പോസ്റ്റ് ഓഫിസില്‍ നടന്ന ചടങ്ങ്​ പി.വി. അന്‍വര്‍ എം.എല്‍.എ ഉദ്​ഘാടനം ചെയ്തു. മാതന്‍റെ ഭാര്യ കരിക്കയുടെ അമ്മാവന്‍ മന്നന്‍ ചെല്ലന്‍, പൂച്ചപ്പാറയിലെ മണി, കൃഷ്ണന്‍, ബിജേഷ് എന്നിവര്‍ ചോലനായ്ക്ക വിഭാഗത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. 11 സെന്‍റിമീറ്റർ വീതിയും 22 സെന്‍റിമീറ്റർ നീളവുമുള്ള കവർ തുടര്‍ദിവസങ്ങളില്‍ കോഴിക്കോട് ഉൾപ്പെടെ ബ്യൂറോകളിലൂടെ ലഭിക്കും. 20 രൂപയാണ്​ വില, സ്റ്റാമ്പടക്കം 25 രൂപ. നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ രാജലക്ഷ്മി അധ്യക്ഷത വഹിച്ചു. മഞ്ചേരി ഡിവിഷന്‍ പോസ്റ്റ് ഓഫിസ് സൂപ്രണ്ട് വി.പി. സുബ്രഹ്മണ്യന്‍, കരുളായി റേഞ്ച് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എം.എന്‍. നജ്മല്‍ അമീന്‍, മാഞ്ചീരി വി.എസ്.എസ് സെക്രട്ടറിയും ബീറ്റ് ഫോറസ്റ്റ് ഓഫിസറുമായ കെ.കെ. റിയാദ്, മഞ്ചേരി ഡിവിഷന്‍ അസിസ്റ്റന്റ് പോസ്റ്റ് ഓഫിസ് സൂപ്രണ്ട് ആര്‍. ബിന്ദു, നഗരസഭ വികസന സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ പി.എം. ബഷീർ എന്നിവര്‍ സംസാരിച്ചു. Nilambur photo-5- post covar-ചോലനായ്ക്കർക്ക്​ ആദരവുമായി പുറത്തിറക്കിയ തപാൽ കവർ പി.വി. അൻവർ എം.എൽ.എ, കോഴിക്കോട് ഉത്തരമേഖല പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ടി. നിര്‍മലദേവി, നിലമ്പൂര്‍ സൗത്ത് ഡിവിഷന്‍ ഡി.എഫ്.ഒ പി. പ്രവീൺ, മാതന്‍റെ ഭാര്യ കരിക്കയുടെ അമ്മാവന്‍ മന്നന്‍ ചെല്ലൻ എന്നിവർ ചേർന്ന് പുറത്തിറക്കുന്നു Nilambur photo-6-Thapal Covar ചോലനായ്ക്കരുടെ പേരിൽ പുറത്തിറക്കിയ പ്രത‍്യേക തപാൽ കവർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.