തൃപ്പുറ്റക്കാവ് താലപ്പൊലി ഇന്ന്​

ഷൊർണൂർ: വള്ളുവനാട്ടിലെ പ്രസിദ്ധമായ കുളപ്പുള്ളി തൃപ്പുറ്റക്കാവിലെ താലപ്പൊലി മഹോത്സവം ഞായറാഴ്ച വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കും. ഗജവീരൻമാർ, ഇണക്കാളകൾ പൂതൻ, തിറ, ആണ്ടി, ചെണ്ടമേളം, പഞ്ചവാദ്യം, ചേലക്കുട തുടങ്ങി പൂരത്തിനുവേണ്ട എല്ലാ കെട്ടുകാഴ്ചകളും ഉണ്ടാവും. വടക്കുംമുറി, കിഴക്കുംമുറി, തെക്കുംമുറി, പടിഞ്ഞാറ്റുമുറി ഭാഗങ്ങളിലായി വിവിധ വേലകളുടെ സംഗമം കൂടിയാണ് ഈ ഉത്സവം. പുലർച്ച ഗണപതി ഹോമത്തോടെ ഉത്സവത്തിന് തുടക്കമാവും. തുടർന്ന് വിശേഷാൽ പൂജകൾ നടക്കും. വൈകീട്ട് വിവിധ വേലകൾ പാട്ടുകണ്ടത്തിൽ സംഗമിച്ച് കൂട്ടിയെഴുന്നള്ളിപ്പ് നടക്കും. ശേഷം കാവിലെത്തി വലം വെച്ച് തൊഴുതിറങ്ങുന്നതോടെ പകൽ പൂരത്തിന് സമാപനമാവും. വൈകീട്ട് ഏഴിന് പാട്ടുകണ്ടത്തിൽ ഗാനമേള അരങ്ങേറും. രാത്രി ഒമ്പതിന് ക്ഷേത്രനടയിൽ തായമ്പക നടക്കും. പുലർച്ച നടക്കുന്ന പൂരത്തിന്റെ തനിയാവർത്തനത്തിനുശേഷം കൊടിക്കൂറ വലിക്കുന്നതോടെ ഒരുമാസം നീണ്ടുനിന്ന ഉത്സവത്തിന് സമാപനമാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.