പട്ടാമ്പി നഗരസഭ ചെയർപേഴ്സൻ ടി.പി. ഷാജി മുനിസിപ്പൽ ടവർ നിർമാണപുരോഗതി
വിലയിരുത്തുന്നു
പട്ടാമ്പി: നഗരസഭയുടെ സ്വപ്ന പദ്ധതിയായ മുനിസിപ്പൽ ടവറിന്‍റെ നിർമാണ പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിന്‍റെ ഭാഗമായി നഗരസഭാ അധികൃതരും സാങ്കേതിക വിദഗ്ധരും കൂടിക്കാഴ്ച നടത്തി. നഗരസഭാ ചെയർപേഴ്‌സൺ ടി.പി. ഷാജി, സെക്രട്ടറി ഡോ. അമൽ എസ്, സൂപ്രണ്ട് ഡി. ബിജു എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ചകൾ നടന്നത്.
പദ്ധതിയുടെ നിർമാണ ചുമതലയുള്ള മാനേജിങ് ഡയറക്ടർ യാകൂബ് മോഹൻ ജോർജ്, സിനർജി ആർക്കിടെക്റ്റ് ശ്യാം ഐ.കെ. എന്നിവരുമായി നഗരസഭാ ഓഫീസിൽ വെച്ച് സംഘം വിശദമായ ചർച്ചകൾ നടത്തി. മുനിസിപ്പൽ ടവറിലെ ഇന്റീരിയർ പ്രവൃത്തികൾ, സൗന്ദര്യവത്കരണം, മറ്റു അനുബന്ധ സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് ആർക്കിടെക്റ്റ് വിശദീകരിച്ചു.
തുടർന്ന് അധികൃതർ മുനിസിപ്പൽ ടവർ സന്ദർശിച്ച് ഫിനിഷിങ് വർക്കുകളുടെ പുരോഗതി നേരിട്ട് വിലയിരുത്തി. നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രതിനിധികളുമായി ചേർന്ന് ബാക്കിയുള്ള ജോലികൾ സമയബന്ധിതമായി തീർക്കുന്നതിനായുള്ള കർമ്മപദ്ധതിക്ക് രൂപം നൽകി.
പട്ടാമ്പിയുടെ മുഖച്ഛായ മാറ്റുന്ന ഈ പദ്ധതി എത്രയും വേഗം ജനങ്ങൾക്കായി തുറന്നു നൽകാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ തൊഴിലാളികളെ വിന്യസിച്ച് പ്രവൃത്തികൾ വേഗത്തിലാക്കാൻ ഊരാളുങ്കൽ പ്രതിനിധികൾക്ക് അധികൃതർ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.