വടവന്നൂർ പൊക്കുന്നിയിൽ നിയന്ത്രണം തെറ്റി കനാലിലേക്ക് ഇറങ്ങിയ ബസ്
കൊല്ലങ്കോട്: വടവന്നൂരിൽ ബസ് കനാലിലേക്ക് മറിഞ്ഞ് 11 പേർക്ക് പരിക്ക്. വേഗത കുറഞ്ഞതിനാൽ ലിയ ദുരന്തം ഒഴിവായി. പൊക്കുന്നിയിലാണ് വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ അപകടമുണ്ടായത്. വണ്ടിത്താവളം പട്ടഞ്ചേരി വിദ്യാലയങ്ങളിലെ വിദ്യാർഥികളായ ശിവശ്വേത (17), അയന (16), ഷെറിൻ (13), വർഷ (17), സാഹിത് (15) മറ്റു യാത്രക്കാരായ ദൈവാനി (48), ശകുന്തള (55), ദീപ (42), സത്യഭാമ (63), ബദറുനീസ (52), കൃഷ്ണൻ (74) എന്നിവർക്കാണ് നിസാര പരിക്കേറ്റത്.
നെന്മാറയിൽനിന്ന് വണ്ടിത്താവളം പോകുന്ന കാവുങ്കൽ ബസാണ് കനാലിലേക്ക് മറിഞ്ഞത്. ബൈക്കിലിടിക്കാതിരിക്കാൻ തിരിച്ചപ്പോൾ മൂലത്തറ കനാലിന്റെ കൈവരികൾ തകർത്ത് ബസ് കനാലിലേക്ക് മറിയുകയായിരുന്നു. ബസിൽ 50ൽ അധികം യാത്രക്കാർ ഉണ്ടായിരുന്നു. ഭൂരിഭാഗം യാത്രക്കാരും വിദ്യാർഥികളായിരുന്നു. കൊല്ലങ്കോട്, ചിറ്റൂർ പ്രദേശങ്ങളിലെ അഗ്നി രക്ഷാ സേനയെത്തി ബസിനകത്തുനിന്ന് യാത്രക്കാരെ ഇറക്കി. തുടർന്ന് പാലക്കാട്, ചിറ്റൂർ, കൊല്ലങ്കോട് ആശുപത്രികളിൽ എത്തിച്ചു. നീരൊഴുക്കുള്ള കനാലിനകത്ത് നിരവധി വിദ്യാർഥികളുടെ ബാഗും യാത്രക്കാരുടെ ഫോണും അകപ്പെട്ടിരുന്നു. ഒഴുകിപ്പോയ ബാഗും മറ്റു സാമഗ്രികളും നാട്ടുകാർ കനാലിലിറങ്ങി പുറത്തെടുത്തു. ചിറ്റൂർ നഗരസഭ ചെയർമാൻ സുമേഷ് അച്ചുതൻ, വടവന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. രാജീവ്, പൊലീസ് ഇൻസ്പെക്ടർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ക്രൈൻ ഉപയോഗിച്ച് ബസിനെ പുറത്തെടുത്ത് ഗതാഗതം പുനസ്ഥാപിച്ചു.
വടവന്നൂർ: പൊക്കുന്നി-വണ്ടിത്താവളം റോഡിൽ കനാൽ പാലങ്ങൾ ഇടുങ്ങിയതായത് അപകടങ്ങൾ വർധിക്കുന്നതിന് കാരണമായി. മൂലത്തറ മീങ്കര ജലസംഭരണികളുടെ കനാലുകളുടെ പാലങ്ങൾ വീതി കുറഞ്ഞതാണ്. വടവന്നൂർ-പൊക്കുന്നി-വണ്ടി ത്താവളം റോഡിൽ നിരവധി പ്രദേശങ്ങളിൽ കടന്നുപോകുന്ന കനാലുകളുടെ പാലം ഒരു ബസിനുമാത്രം കടന്നു പോകാൻ സാധ്യമാകുന്ന വീതി മാത്രമാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച കനാൽ പാലങ്ങൾ വാഹനങ്ങളുടെ പെരുപ്പവും റോഡിന്റെ വീതിയും അനുസരിച്ച് വീതികൂട്ടി കനാൽ പാലങ്ങൾ പുനർനിർമിക്കണമെന്ന് ആവശ്യത്തിന് രണ്ട് പതിറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും ഇവയൊന്നും നടപ്പായിട്ടില്ല.
കൈവരികൾ തകർന്നതും നേരിയ കൈവരികൾ മാത്രമുള്ളതുമായ കനാൽ പാലങ്ങളിൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ ആകുന്നത് സ്ഥിരം കാഴ്ചയാണ്. പാലങ്ങൾ ഉള്ള പ്രദേശത്ത് തെരുവ് വിളക്കുകൾ പോലും പ്രകാശിക്കാറില്ലെന്നും നാട്ടുകാർ പറയുന്നു. അഞ്ച് മീറ്ററിൽ അധികം വീതിയുള്ള റോഡിൽ മൂന്നര മീറ്റർ കഷ്ടിച്ച് വീതിയുള്ള കനാൽ പാലം മിക്കപ്പോഴും വാഹനങ്ങൾ മറികടക്കുമ്പോൾ അപകടത്തിലാകാറുണ്ട്. വടവന്നൂർ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വടവന്നൂർ-പൊക്കുന്നി റോഡിൽ മാത്രം മൂന്ന് പാലങ്ങളാണ്.
ഇതിലാണ് ബസ് നിയന്ത്രണം തെറ്റി മറിഞ്ഞത്. ഇടുങ്ങിയ പാലം പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഇറിഗേഷൻ വകുപ്പിന് കത്ത് നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. പാലങ്ങൾ വീതി കൂട്ടി പുനർനിർമിച്ച് അപകടങ്ങൾ കുറക്കാനുള്ള നടപടികൾ ജലസേചന വകുപ്പ് സ്വീകരിക്കണമെന്ന് വടവന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. രാജീവ് ആവശ്യപ്പെട്ടു. ആവശ്യമായ ഇടപെടലുകൾ ജലസേചന വകുപ്പിന്റെ ഉദ്യോഗസ്ഥരെ അറിയിക്കുമെന്ന് മൂലത്തറ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ സി. വിദ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.