അട്ടപ്പാടിയിൽ നവജാത ശിശുക്കളുടെ മരണം തടയണം -മനുഷ്യാവകാശ കമീഷൻ

പാലക്കാട്: അട്ടപ്പാടി മേഖലയിൽ നവജാത ശിശുക്കൾ പോഷകാഹാരക്കുറവോ ചികിത്സ കിട്ടാതെയോ മരിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ അസിസ്റ്റന്റ് കലക്ടർ ഏകോപിപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. മാസത്തിൽ ഒരുതവണയെങ്കിലും ജില്ല കലക്ടർ അട്ടപ്പാടിയിൽ റിവ്യു യോഗം നടത്തി പ്രവർത്തനങ്ങൾ വിലയിരുത്തി പോരായ്മകൾ പരിഹരിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. ഒരുരോഗി പോലും ചികിത്സ കിട്ടാതെ മരിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് കർശന നിർദേശം നൽകി.

അവശ്യമരുന്നുകൾ എല്ലാ ആശുപത്രികളിലുമുണ്ടെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഉറപ്പാക്കണം. ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും ഒഴിവുകൾ യഥാസമയം നികത്തണം. ജില്ല മെഡിക്കൽ ഓഫിസർ എല്ലാ മാസവും കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയും അട്ടപ്പാടിയിലെ മറ്റ് ആരോഗ്യകേന്ദ്രങ്ങളും സന്ദർശിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. അട്ടപ്പാടിയിൽ വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ കാരണം ആദിവാസികൾ ദുരിതം അനുഭവിക്കുകയാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

ആരോപണങ്ങൾ ജില്ല കലക്ടർ നിഷേധിച്ചു. കോട്ടത്തറ സ്പെഷാലിറ്റി ആശുപത്രിയിൽ നവജാതശിശുക്കൾക്കും അമ്മമാർക്കും വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതായി റിപ്പോർട്ടിൽ പറഞ്ഞു. 2022-23ൽ 15 നവജാതശിശുക്കൾ മരിച്ചപ്പോൾ 2025-26ൽ അത് നാലായി കുറയ്ക്കാൻ സാധിച്ചു. ആദിവാസി വിഭാഗത്തിലുള്ളവരുടെ മരണനിരക്ക് വർധിച്ചിട്ടില്ല. അട്ടപ്പാടിയിൽ ഒരു ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയും ഒരു കമ്യൂണിറ്റി ഹെൽത്ത് സെന്ററും മൂന്ന് പൊതുജനാരോഗ്യ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്.

വിദഗ്ധ ചികിത്സ ആവശ്യമുള്ളവർക്ക് തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളജുകളിലും ജില്ല ആശുപത്രികളിലും ചികിത്സ ഉറപ്പാക്കും. അട്ടപ്പാടിയിലെ എല്ലാ പട്ടികവർഗക്കാരെയും അരിവാൾരോഗ പരിശോധന നടത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. സാമൂഹിക അടുക്കളകൾ ഫണ്ടിന്റെ ലഭ്യതക്കുറവ് കാരണം കുറച്ചുമാത്രമാണ് പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. പൊതുപ്രവർത്തകമായ റെയ്മന്റ് ആന്റണി സമർപ്പിച്ച പരാതിയിലാണ് നടപടി.

Tags:    
News Summary - Death of newborn babies in Attappadi should be prevented - Human Rights Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.