എലിപ്പനി: രണ്ടു വർഷത്തിൽ 443 മരണം

പാലക്കാട്: സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു വർഷത്തിൽ എലിപ്പനി ബാധിച്ച് മരിച്ചത് 443 പേർ. 2024ൽ 220 പേർക്കും 2025ൽ 223 പേർക്കുമാണ് എലിപ്പനി കാരണം ജീവൻ നഷ്ടമായത്. രണ്ടു വർഷവും ഏറ്റവും കൂടുതൽ രോഗികൾ മരിച്ചത് എലിപ്പനി മൂലമാണ്. കൂടാതെ, 2024ൽ മറ്റു 166 പേരും 2025ൽ 169 പേരും മരിച്ചത് എലിപ്പനി മൂലമാണെന്ന് സംശയിക്കുന്നുണ്ട്.

2024ൽ 3520 പേർക്കും 2025ൽ 3469 പേർക്കുമാണ് എലിപ്പനി ബാധിച്ചത്. രണ്ടു വർഷങ്ങളിലും 200ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടും രോഗബാധ നിയന്ത്രിക്കാൻ സർക്കാറിന് കാര്യക്ഷമമായ നടപടിയെടുക്കാനായിട്ടില്ല. എലിപ്പനിക്കെതിരെയുള്ള പ്രതിരോധപ്രവർത്തനങ്ങൾ കാര്യക്ഷമമല്ലാതിരുന്നത് മരണസംഖ്യ ഉയരാൻ കാരണമായി. ആരോഗ്യവകുപ്പിന്‍റെ ബോധവത്കരണങ്ങൾ എല്ലാവരിലേക്കും കൃത്യമായി എത്താത്തതും പോരായ്മയായി.

എലിപ്പനിക്കു പുറമെ ഡെങ്കിപ്പനി ബാധിച്ച് 2024ൽ 99 പേരും ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് 81 പേരും മരിച്ചു. എച്ച്1 എൻ1 58 പേരുടെ ജീവനെടുത്തു. പേവിഷബാധ സ്ഥിരീകരിച്ച 22 പേരും മരണത്തിന് കീഴടങ്ങി. പനി-17, ചിക്കൻ പോക്സ്-16, ചെള്ളുപനി-19, വെസ്റ്റ് നൈൽ-ഏഴ് എന്നിങ്ങനെയും മരണങ്ങളുണ്ടായി. ഉറവിടം അറിയാതെ പകർന്ന അമീബിക് മസ്തിഷ്ക ജ്വരമാണ് 2025ൽ സംസ്ഥാനത്തെ ഭീതിയിലാക്കിയത്. പിഞ്ചുകുഞ്ഞിന് ഉൾപ്പെടെ രോഗം ബാധിച്ചു. കുളങ്ങളിൽ കുളിച്ചവർക്കും അല്ലാത്തവർക്കും രോഗം സ്ഥിരീകരിച്ചതോടെ പൊതുജലാശയങ്ങൾ ഉപയോഗിക്കാൻ ജനം മടിക്കുന്ന സ്ഥിതിയായി. 201 പേർക്ക് രോഗം കണ്ടെത്തിയതിൽ 47 പേരാണ് മരിച്ചത്. മരണനിരക്ക് കൂടുതലായതും ആശങ്കക്ക് ഇടയാക്കിയിരുന്നു.

ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് 69 പേരും ഡെങ്കിപ്പനി ബാധിച്ച് 56 പേരും കഴിഞ്ഞ വർഷം മരിച്ചു. പകർച്ചപ്പനി 43 പേരുടെ ജീവനെടുത്തു. പേവിഷബാധ സ്ഥിരീകരിച്ച 28 പേരും മരിച്ചു. ചെള്ളുപനി-13, പനി-18, ചിക്കൻ പോക്സ്-10, മലേറിയ-രണ്ട്, നിപ-രണ്ട് എന്നിങ്ങനെയും മരണങ്ങളുണ്ടായി. സംസ്ഥാനത്ത് കഴിഞ്ഞ വർഷം നാലുപേർക്കാണ് നിപ സ്ഥിരീകരിച്ചിരുന്നത്. മഴക്കാല പൂർവ പ്രതിരോധപ്രവർത്തനങ്ങൾ മന്ദഗതിയിലായതും കഴിഞ്ഞ വർഷം പകർച്ചവ്യാധികൾ പടരാൻ കാരണമായിട്ടുണ്ട്. പലയിടത്തും യഥാസമയം അഴുക്കുചാലുകളും മറ്റും വൃത്തിയാക്കൽ നടന്നില്ല. ഈ വർഷം ജനുവരി നാലു വരെ ഡെങ്കിപ്പനി, എലിപ്പനി എന്നിവ ബാധിച്ച് ഓരോ രോഗികൾ മരിച്ചു. 47 പേർക്ക് ഡെങ്കിപ്പനിയും 15 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.

Tags:    
News Summary - The highest number of patients who died in the state were from leptospirosis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.