'സർക്കാറിന്‍റെ ഏകപക്ഷീയ തീരുമാനങ്ങൾ വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കും'

പാലക്കാട്: സർക്കാറിന്‍റെ ഏകപക്ഷീയമായ തീരുമാനങ്ങൾ വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കുമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി ബി. സുനിൽ കുമാർ. ഫോക്കസ് ഏരിയ നിർണയത്തിലെ അപാകതകൾ വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് നടപ്പാക്കുന്ന നടപടികളിൽ അധ്യാപക സമൂഹത്തിന് ആശങ്കയുണ്ട്. പ്രതിപക്ഷത്തിരിക്കുമ്പോൾ പ്രൈമറി അധ്യാപകർക്ക് നൽകിയ വാഗ്ദാനം സർക്കാർ അട്ടിമറിച്ചു. മെഡിസെപ്പ് പദ്ധതിയിലെ ആശങ്കകൾ ദൂരീകരിക്കാൻ തയാറാവുന്നില്ല. ഉമ്മൻ ചാണ്ടി സർക്കാർ നടപ്പാക്കിയ തൊഴിൽ സുരക്ഷ സംവിധാനങ്ങളുടെയും വിദ്യാഭ്യാസ ശാക്തീകരണ സംവിധാനങ്ങളുടെയും അടിത്തറയിളക്കുന്ന സമീപനമാണ് ഇടതു സർക്കാർ സ്വീകരിക്കുന്നത്. സർക്കാർ നയത്തിനെതിരെ മാർച്ച് ആറിന്​ നടക്കുന്ന റവന്യൂ ജില്ല പ്രതിനിധി സമ്മേളനം പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകുമെന്നും സുനിൽ കുമാർ പറഞ്ഞു. ജില്ല പ്രസിഡന്‍റ്​ ഷാജി എസ്. തെക്കേതിൽ, ഭാരവാഹികളായ ജയിംസ് തോമസ്, സതീഷ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ജില്ല സമ്മേളനം പാലക്കാട്​: കെ.പി.എസ്​.ടി.എ റവന്യൂ ജില്ല സമ്മേളനത്തിന്​ ​പാലക്കാട്​ കെ.പി.എസ്.ടി.എ ഭവനിൽ തുടക്കമായി. വി.കെ. ശ്രീകണ്​ഠൻ എം.പി പ്രതിനിധി സമ്മേളനം ഉദ്​ഘാടനം ചെയ്തു. ഞായറാഴ്ച ടോപ്​ ഇന്‍ ടൗൺ ഓഡി​റ്റോറിയത്തിൽ നടക്കുന്ന സമ്മേളനം ഡി.സി.സി പ്രസിഡന്‍റ്​ എ. തങ്കപ്പൻ ഉദ്​ഘാടനം ചെയ്യും. വനിത സമ്മേളനം രമ്യ ഹരിദാസ്​ എം.പി ഉദ്​ഘാടനം ചെയ്യും. ഉച്ചക്കുശേഷം​ വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം പി. ഹരിഗോവിന്ദനും 3.30ന്​ സമാപന സമ്മേളനം സി. പ്രദീപും ഉദ്​ഘാടനം ​ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.