സൗത്ത് പനമണ്ണയിലെ മാലിന്യനീക്കം: മാർച്ച് ആദ്യവാരം ഒറ്റപ്പാലം നഗരസഭ പുതിയ ടെൻഡർ ക്ഷണിക്കും 

ഒറ്റപ്പാലം: സൗത്ത് പനമണ്ണയിലെ ട്രഞ്ചിങ് ഗ്രൗണ്ടിൽ രൂപപ്പെട്ട മാലിന്യമല നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാർച്ച് ആദ്യവാരം വീണ്ടും ടെൻഡർ ക്ഷണിക്കും. ശുചിത്വ മിഷന്‍റെ അംഗീകാരമുള്ള ഏജൻസികളിൽനിന്ന്​ ഇ ടെൻഡർ ക്ഷണിക്കാനാണ് കൗൺസിൽ തീരുമാനം. തിരുവനന്തപുരം ആസ്ഥാനമായ സോഷ്യോ ഇക്കോണോമിക് ഫൗണ്ടേഷന്‍റെ ലൈസൻസ് കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് അവരുടെ ടെൻഡർ അംഗീകരിക്കാതെ നേരത്തേ മാറ്റിവെച്ചത്. സൗത്ത് പനമണ്ണയിലെ ട്രഞ്ചിങ് ഗ്രൗണ്ടിൽ രണ്ട് പതിറ്റാണ്ടുകളായി കെട്ടിക്കിടക്കുന്ന മാലിന്യ മലയെ ചൊല്ലി പ്രദേശവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ സംസ്ഥാന സർക്കാറിനെ എതിർകക്ഷിയാക്കി കേസ് എടുത്തിരുന്നു. അടിയന്തരമായി മാലിന്യം നീക്കണമെന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടത് എട്ടുമാസം മുമ്പാണ്. തുടർന്നാണ് മൂന്ന് സ്ഥാപനങ്ങളിൽനിന്ന്​ ലഭിച്ച ടെൻഡറുകളിൽനിന്ന് സോഷ്യോ ഇക്കണോമിക് ഫൗണ്ടേഷനെ തെരഞ്ഞെടുത്തത്. എന്നാൽ, ലൈസൻസ് കാലാവധി തീരാൻ രണ്ടുദിവസം മാത്രമാണ് ശേഷിക്കുന്നതെന്ന് കണ്ടെത്തിയ പ്രതിപക്ഷം എതിർപ്പുമായി രംഗത്തുവരുകയുമായിരുന്നു. ഇതേ തുടർന്നാണ്​ അംഗീകാരം നൽകാതെ അജണ്ട മാറ്റിവെച്ചത്. ട്രൈബ്യൂണൽ ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ 70 ലക്ഷം രൂപ മാലിന്യം നീക്കം ചെയ്യുന്ന പദ്ധതിക്കായി വകയിരുത്തി. 14,145 ക്യുബിക് മീറ്റർ മാലിന്യമാണ് ട്രഞ്ചിങ് ഗ്രൗണ്ടിൽ കുന്നുകൂടി കിടക്കുന്നത്. ഉത്തരവ് അനുസരിച്ച് മാലിന്യ നീക്കം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി 14 ലക്ഷം രൂപ ട്രൈബ്യൂണൽ നഗരസഭക്ക് പിഴ ചുമത്തിയിരുന്നു. ഇതിനെതിരെ മലിനീകരണ നിയന്ത്രണ ബോർഡിനെ സമീപിച്ചിരിക്കുകയാണ് നഗരസഭ. ശാസ്ത്രീയ രീതിയിൽ തരം തിരിച്ചുവേണം മാലിന്യ നീക്കം സാധ്യമാക്കാൻ. പുതിയ ടെൻഡർ ക്ഷണിക്കുന്ന മുറക്ക് തുടർനടപടികൾ വേഗത്തിലാക്കാനാണ് തീരുമാനമെന്ന് നഗരസഭ ഉപാധ്യക്ഷൻ കെ. രാജേഷ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.