പിണറായിയുടെ ഇടപെടൽ; പി.കെ. ശശി പക്ഷത്തിന്​ തിരിച്ചടി

വി.കെ. ചന്ദ്രനെ സെക്രട്ടറിയാക്കാനുള്ള നീക്കം പരാജയപ്പെട്ടു പാലക്കാട്​: പി.കെ. ശശി പക്ഷവും മറുപക്ഷവും കൊമ്പുകോർത്ത സി.പി.എം പാലക്കാട്​ ജില്ല സമ്മേളനത്തിനൊടുവിൽ സംസ്ഥാന നേതൃത്വത്തിന്‍റെ ശക്തമായ ഇടപെടലിനെ തുടർന്ന്​ ശശി പക്ഷം പൂർണമായും മുട്ടുമടക്കി. പാർട്ടിയിൽ തുരുത്തുകൾ സൃഷ്ടിക്കാൻ അനുവദിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെയും സംസ്ഥാന നേതൃത്വത്തിന്‍റെയും അന്ത്യശാസനം ശശി പക്ഷത്തിനുള്ള ശക്തമായ താക്കീതായി. വി.കെ. ചന്ദ്രനെ ജില്ല സെക്രട്ടറി സ്ഥാനത്തേക്ക്​ കൊണ്ടുവരാനുള്ള പി.കെ. ശശിയുടെ നീക്കം മറുപക്ഷത്തിന്‍റെ തന്ത്രപരമായ ഇടപെടലിലൂടെ പരാജയപ്പെട്ടു. പി.കെ. ശശി​യെ ലക്ഷ്യമിട്ട്​ മറുവിഭാഗം ചർച്ചയുടെ തുടക്കംമുതൽ ഉടനീളം ആഞ്ഞടിച്ചതോടെ ശശിപക്ഷം പ്രതിരോധത്തിലായി. സി.കെ. രാജേ​ന്ദ്രൻ നേതൃത്വം നൽകുന്ന ഒദ്യോഗിക പക്ഷത്തിനെതിരെ ശശി വിഭാഗം ആരോപണങ്ങൾ തൊടുത്തുവിട്ടെങ്കിലും അതൊന്നും കാര്യമായി ഏശിയില്ല. പ്രദേശിക വിഭാഗീയത സൃഷ്ടിക്കുന്ന ശശിയുടെ നീക്കങ്ങൾക്ക്​ പിന്തുണയില്ലെന്ന സൂചനയാണ്​ സംസ്ഥാന നേതൃത്വത്തിന്‍റെ മറുപടിയിലുമുണ്ടായിരുന്നത്​. ഇതും സമ്മേളനത്തിൽ പ്രതിഫലിച്ചു. ജില്ല കമ്മിറ്റിയിലേക്കും സെക്രട്ടറി സ്ഥാനത്തേക്കും മത്സരം ഒഴിവാക്കാനും സംസ്ഥാന നേതൃത്വം ഇടപെട്ടു. ശനിയാഴ്​ച രാത്രി പിണറായിയുടെ സാന്നിധ്യത്തിൽ പ്രത്യേകം യോഗം ചേർന്നിരുന്നു. സി.കെ. രാജേന്ദ്രൻ, പി.കെ. ശശി, എ.കെ. ബാലൻ, ഇ.പി. ജയരാജൻ എന്നിവർ പ​ങ്കെടുത്ത യോഗത്തിൽ വി.കെ. ചന്ദ്രന്‍റെ പേരാണ്​ പി.കെ. ശശി നി​​ർദേശിച്ചത്​. ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ ഇ.എൻ. സുരേഷ്​ ബാബുവിന്‍റെ പേരും നിർദേശിച്ചു. പ്രാദേശിക വിഭാഗീയതകൾ ഇല്ലാതാക്കി പാർട്ടിയെ ഒറ്റ​ക്കെട്ടായി നയിക്കാൻ പ്രാപ്തൻ ഇ.എൻ. സുരേഷ്​ ബാബുവായിരിക്കുമെന്ന സി.കെ. രാജേന്ദ്രന്‍റെ വാക്കുകളാണ്​ സംസ്ഥാന നേതാക്കൾ മുഖവിലയ്​ക്കെടുത്തത്​. അങ്ങനെ രൂപപ്പെട്ട സമവായത്തിലാണ്​ മത്സരം ഒഴിവാക്കിയുള്ള തീരുമാനമുണ്ടായത്​. ഞായറാഴ്ച രാവിലെ ചേർന്ന ജില്ല സെക്രട്ടേറിയറ്റ്​ യോഗം 15 മിനിറ്റ്​ കൊണ്ട്​ പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ച്​ യോഗ നടപടികൾ അവസാനിപ്പിച്ചു. തുടർന്ന്​ ചേർന്ന ജില്ല കമ്മിറ്റിയും തീരുമാനം അംഗീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.