മണ്ണാർക്കാട്ട് വാക്​സിൻ വിതരണത്തില്‍ അപാകതയെന്ന്

മണ്ണാർക്കാട്: താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് ബുധനാഴ്ച നടത്തിയ വാക്‌സിൻ വിതരണത്തിൽ അപാകതയെന്ന്​. താലൂക്ക് ആശുപത്രിയില്‍ ബുധനാഴ്ച 500 പേര്‍ക്ക് വാക്സിന്‍ നൽകുമെന്നാണ് അറിയിച്ചിരുന്നത്. ഇതിൽ 100 ഡോസ് ഓണ്‍ലൈനായും 400 ഡോസ് സ്പോട്ട് രജിസ്ട്രേഷനുമായി നല്‍കുമെന്നാണ് അറിയിച്ചിരുന്നത്. സ്പോട്ട് വാക്‌സിനേഷന് ടോക്കണ്‍ വിതരണം ബുധനാഴ്ച രാവിലെ എട്ടിന്​ ആരംഭിക്കുമെന്നാണ് അറിയിപ്പിലുണ്ടായിരുന്നത്. എന്നാല്‍ അറിയിപ്പിന്‌ വിപരീതമായി എട്ടിന്​ മുമ്പായി മുഴുവന്‍ ടോക്കണും വിതരണം ചെയ്തതായാണ് ആരോപണമുയർന്നത്. അറിയിപ്പനുസരിച്ച് ടോക്കൺ എടുക്കാൻ എട്ടിന്​ എത്തിയ ആളുകൾ ടോക്കൺ രാവിലെ ആറിന്​ തന്നെ നൽകിയെന്ന ബന്ധപ്പെട്ടവരുടെ മറുപടി കേട്ട് രോഷാകുലരായി. അശാസ്ത്രീയമായ ടോക്കണ്‍ വിതരണം അംഗീകരിക്കാൻ ആവില്ലെന്ന് ആരോപിച്ച് വാക്സിനേഷന്‍ കേന്ദ്രത്തില്‍ ആളുകൾ ബഹളം വെച്ചു. പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. ചൊവ്വാഴ്ച വാക്‌സിനേഷൻ സംബന്ധിച്ച ഓൺലൈൻ രജിസ്ട്രേഷൻ അറിയിപ്പ് നൽകിയത് ആരംഭിക്കുന്നതിന്​ ഒരു മണിക്കൂർ മുമ്പാണെന്ന്​ പരാതിക്കാർ പറഞ്ഞു. പ്രായമായവരുൾ​െപ്പടെ നൂറുകണക്കിന് ആളുകളാണ് വാക്‌സിൻ കേന്ദ്രമായ നെല്ലിപ്പുഴ ദാറുന്നജാത്ത് സ്‌കൂളിൽ വന്നു മടങ്ങിയത്. എന്നാൽ ആളുകൾ നേരത്തെ തന്നെ എത്തിയതുകൊണ്ട് തിരക്കൊഴിവാക്കാനാണ് ടോക്കൺ നേരത്തെ നൽകിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ചില വ്യക്തികളുടെ തന്നിഷ്​ടങ്ങളാണ് താലൂക്ക്​ ആശുപത്രിയിൽ നടക്കുന്നതെന്ന് ജില്ല പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍ ആരോപിച്ചു. ടോക്കൺ വിതരണത്തിലെ പരാതി സംബന്ധിച്ചു അന്വേഷണം വേണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു. രാവിലെ എട്ടിന്​ നൽകുമെന്ന് പറഞ്ഞ ടോക്കൺ അതിരാവിലെ ആറ്​ മുതൽ കൊടുത്തുതീർത്തത് ആരുടെ തീരുമാനമാണെന്ന് താലൂക്ക് ആശുപത്രി അധികൃതരും നഗരസഭയും വ്യക്തമാക്കണമെന്ന്​ വെൽഫെയർ പാർട്ടി മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡൻറ് കെ.വി. അമീര്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.