ബ്രേക്ക് ദ ചെയിന്‍ കാമ്പയിൻ: താലൂക്ക് സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങി

മലപ്പുറം: കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനും ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ കാര്യക്ഷമമാക്കുന്നതിനും താലൂക്ക് തല സ്‌ക്വാഡുകള്‍ ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി. ഓരോ താലൂക്കിലെയും പൊതു ഇടങ്ങള്‍, സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സ്‌ക്വാഡ് പരിശോധനയും ബോധവത്ക്കരണവും നടത്തി. പരിശോധനയില്‍ സാമൂഹിക അകലം പാലിക്കാത്തതും സാനിറ്റൈസര്‍ സൗകര്യം ഒരുക്കാത്ത സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ബേക്കറികള്‍, വ്യാപാര സ്ഥാപനങ്ങള്‍, തൊഴിലുറപ്പിടങ്ങള്‍ എന്നിവ സ്‌ക്വാഡ് കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തു. മാസ്‌ക് ധരിക്കാതിരുന്നവരുടേയും ആരോഗ്യ സുരക്ഷ നിർദേശങ്ങള്‍ പാലിക്കാതെ നിയമ ലംഘനം നടത്തിയ സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ തുടര്‍ നടപടികള്‍ക്കായി പൊലീസിന് കൈമാറി. തുടര്‍ന്നുള്ള ദിവസങ്ങളിലും സ്‌ക്വാഡുകളുടെ പരിശോധനയും ബോധവത്​കരണ പ്രചാരണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതപ്പെടുത്തുമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു. അധ്യാപകര്‍, പൊലീസ്, സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് താലൂക്ക് തല സ്വകാഡുകളിലുള്ളത്. നഴ്‌സ് നിയമനം മലപ്പു​റം: സംസ്ഥാന ശിശുക്ഷേമസമിതിയുടെ കീഴില്‍ മലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ദത്തെടുക്കല്‍ കേന്ദ്രത്തില്‍ നഴ്‌സ് തസ്തികയില്‍ നിയമനം നടത്തും. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ബി.എസ്.സി/ ജനറല്‍ നഴ്‌സിങ് പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 35. ഒരു വര്‍ഷമെങ്കിലും ജോലി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ യോഗ്യത, ജോലി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ദത്തെടുക്കല്‍ കേന്ദ്രം, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, മൈലപ്പുറം, മലപ്പുറം-676519 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ childwelfarekeral@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ജൂലൈ 13ന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു. മസ്​റ്ററിങ് നടത്തണം മലപ്പുറം: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന്​ പെന്‍ഷന്‍ വാങ്ങുന്നവരില്‍ മസ്​റ്ററിങ്​ പൂര്‍ത്തീകരിച്ചിട്ടില്ലാത്തവര്‍ എത്രയും പെട്ടെന്ന് അടുത്തുള്ള അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്​റ്ററിങ്​ നടത്തണമെന്ന് ജില്ല എക്‌സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.