കാർഷിക സർവകലാശാലയിൽ പിൻവാതിൽ നിയമനം

തൃശൂർ: കാർഷിക സർവകലാശാലയിൽ ഒഴിവുള്ള ലൈറ്റ്/ഹെവി വെഹിക്കിൾ ഡ്രൈവർ തസ്തികകളിലും ക്ലാസ് ഫോർ തസ്തികകളിലും എംപ്ലോയ്മൻെറ് എക്സ്ചേഞ്ചിനെ മറികടന്ന് നിയമനം നടക്കുന്നുവെന്ന് ആക്ഷേപം. ദിവസവേതന അടിസ്ഥാനത്തിൽ നിയമനത്തിനുള്ള യോഗ്യത രാഷ്​ട്രീയ ബലവും ഉദ്യോഗസ്ഥ ബന്ധു ബലവുമാണെന്നാണ് ആരോപണം. വെള്ളാനിക്കര, മണ്ണുത്തി കാമ്പസുകളിലെ ഡയറക്ടറേറ്റ് ഓഫ് ഫിസിക്കൽ പ്ലാൻറിലും എക്​സ്​റ്റൻഷനിലും ക്ലാസ് ഫോർ തസ്തികകളിൽ ഒമ്പതുവർഷമായി ദിവസവേതന അടിസ്ഥാനത്തിൽ തുടരുന്നവരുണ്ട്. മുൻ വൈസ് ചാൻസലറുടെ ഡ്രൈവറായി ദിവസവേതന അടിസ്ഥാനത്തിൽ വന്നയാളെ പുതിയ വി.സി ഒഴിവാക്കിയിരുന്നു. എന്നാൽ, രാഷ്​ട്രീയ സ്വാധീനം ഉപയോഗിച്ച് ഇയാൾ ഡ്രൈവർ തസ്തികയിൽ തുടരുകയാണ്. മുൻ വൈസ് ചാൻസലറുടെ ഡ്രൈവറെന്ന സ്വാധീനവും രാഷ്​ട്രീയ യുവജന പ്രസ്ഥാനത്തി​ൻെറ ഭാരവാഹിയെന്ന സ്ഥാനവും ഉപയോഗിച്ച് ഇദ്ദേഹത്തി​ൻെറ ഭാര്യ ക്ലാസ് ഫോർ തസ്തികയിൽ കെ.എ.യു സ്കൂളിലും ബന്ധുവി​ൻെറ മകൻ കശുമാവ് ഗവേഷണ കേന്ദ്രത്തിൽ ഡ്രൈവറായും തുടരുന്നുണ്ട്. പച്ചക്കറി ഡിപ്പാർട്മൻെറ് ക്ലാസ് ഫോർ തസ്തികയിൽ വെഹിക്കിൾ സൂപ്പർവൈസറുടെ ഭാര്യ ദിവസവേതന അടിസ്ഥാനത്തിൽ 20 വർഷത്തിലധികമായി തുടരുന്നുവത്രെ. എൽ.ഡി ഡ്രൈവർ തസ്തികയിൽ വിവിധ കേന്ദ്രങ്ങളിൽ 26 പേരും എച്ച്.ഡി.വി ഡ്രൈവർ തസ്തികയിൽ അഞ്ചുപേരും രാഷ്​ട്രീയ സ്വാധീനമുപയോഗിച്ച് തുടരുന്നുണ്ട്. ദിവസവേതനക്കാരിൽനിന്ന് നിശ്ചിത കമീഷൻ ചില ഉദ്യോഗസ്ഥർക്കും രാഷ്​ട്രീയ നേതാക്കൾക്കും ലഭിക്കുന്നതായും ആക്ഷേപമുണ്ട്. എംപ്ലോയ്മൻെറ് എക്സ്ചേഞ്ചിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിന് കാരണം രാഷ്​ട്രീയ സമ്മർദമാണെന്ന് ജീവനക്കാർ പറയുന്നു. സർവകലാശാല സ്​റ്റാറ്റ്യൂട്ടനുസരിച്ച് തൊഴിലാളികൾക്കും ട്രാക്ടർ ഡ്രൈവർമാർക്കും എൽ.ഡി.വി ഡ്രൈവർമാർക്കും മുകളിലുള്ള തസ്തികകളിലേക്ക് ആഭ്യന്തര നിയമനം നൽകാൻ ഭരണ സമിതി തീരുമാനിച്ചിരുന്നു. ഈ തീരുമാനം അട്ടിമറിച്ചാണ് യുവജന രാഷ്​ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കളുടെ സ്ഥിരം തസ്തികകളിലെ ദിവസ വേതനാടിസ്ഥാന നിയമനം തുടരുന്നത്. സർവകലാശാലയിലെ എച്ച്.ഡി.വി ഡ്രൈവർ തസ്തികയിൽ നിയമനം കിട്ടാൻ ബന്ധുബലവും രാഷ്​ട്രീയവും ഉപയോഗിക്കുന്നുവെന്ന പരാതി ഉയർന്നപ്പോൾ ഇക്കഴിഞ്ഞ 29ന് സെലക്​ഷൻ ടെസ്​റ്റ്​ നടത്തിയിരുന്നു. വൈസ് ചാൻസലറെ നിഴലിൽ നിർത്തിയാണ് സർവകലാശാലയിൽ ബന്ധുനിയമനം നടക്കുന്നതെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.