ആദർശ്​ വധം: പ്രതികൾ മടങ്ങിയത്​ മരണം ഉറപ്പാക്കിയശേഷം

അന്തിക്കാട്​: സോഷ്യലിസ്​റ്റ്​ ജനതാദൾ മുൻ പ്രവർത്തകൻ ആദർശിനെ വെട്ടിയ സംഘം മടങ്ങിയത്​ മരണം ഉറപ്പാക്കിയശേഷം. നേരത്തെയും ആദർശിനെതിരെ ആക്രമണം നടന്നിരുന്നെങ്കിലും രക്ഷപ്പെട്ടതിനാലാണ്​ മരണം ഉറപ്പാക്കിയത്. പ്രതികൾ എല്ലാവരും വധശ്രമമടക്കം നിരവധി കേസിൽ പ്രതികളാണ്. സോഷ്യലിസ്​റ്റ്​ ജനതാദൾ നേതാവ് ദീപകിനെ വധിച്ച കേസിൽ നിജിലും ബ്രഷ്നവും ​അറസ്​റ്റിലായിരുന്നു. ചേർപ്പ്, വാടാനപ്പള്ളി സ്​റ്റേഷനിലും കൊലപാതകം, വധശ്രമമടക്കമുള്ള നിരവധി കേസ്​ ഇവർക്കെതിരെയുണ്ട്. മുറ്റിച്ചൂരിലും സമീപ പ്രദേശത്തും ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ആക്രമിച്ച കേസിലും പ്രതികളാണ്. ഹിരത്ത്, നിധിൻ, ഷിഹാബ് എന്നിവർക്കെതിരെ അന്തിക്കാട്, വലപ്പാട് സ്​റ്റേഷനിൽ വധശ്രമമടക്കം നിരവധി കേസുണ്ട്. പ്രജിൽ ചാവക്കാ​ട്ടെ വധശ്രമക്കേസിൽ പ്രതിയാണ്‌. നിമേഷിനെതിരെ അന്തിക്കാട് സ്​റ്റേഷനിൽ നിരവധി കേസുണ്ട്. അതേസമയം, പ്രദേശത്തെ സംഘർഷം അമർച്ച ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്. ആക്രമണമുണ്ടായ ഉടനെ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗീസ്, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി എം.കെ. ഗോപാലകൃഷ്ണൻ, രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. പത്ത് സംഘമായി തിരിഞ്ഞായിരുന്നു അന്വേഷണം. പ്രതികളെ സംരക്ഷിച്ചവരെക്കുറിച്ചും ഗൂഢാലോചനയെക്കുറിച്ചും അന്വേഷണിക്കുമെന്ന് ഡി.ഐ.ജി സുരേന്ദ്രൻ പറഞ്ഞു. മുറ്റിച്ചൂരും താന്ന്യത്തും വർധിച്ച അക്രമങ്ങൾ അമർച്ച ചെയ്യാൻ 'ഓപറേഷൻ റേഞ്ചർ' എന്ന പേരിൽ രണ്ടാംഘട്ട സ്പെഷൽ ടീമിനെ സജ്ജമാക്കിയതായും ഡി.ഐ.ജി പറഞ്ഞു. പ്രതികളെ പിടികൂടിയ സംഘത്തിൽ വാടാനപ്പള്ളി സി.ഐ.പി ആർ. ബിജോയ്, അന്തിക്കാട് എസ്.ഐ സുശാന്ത്, ജില്ല ക്രൈംബ്രാഞ്ച് എസ്.ഐ മുഹമ്മദ് റാഫി, എ.എസ്.ഐമാരായ ജയകൃഷ്ണൻ, ജോബ്, സതീശൻ, മുഹമ്മദ്, അഷറഫ്, ഗോപി, എസ്​.സി.പി.ഒമാരായ ഷെഫീർ, ബാബു, ലിജു, ബിനു, ഉമേഷ് എന്നിവരും ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.