പാലക്കാട്: നഗരപരിധിയിലെ ആശുപത്രികളിൽ അനധികൃത നിർമാണമടക്കം ക്രമക്കേടുകൾ സംബന്ധിച്ച് ആരോപണമുയർന്ന സാഹചര്യത്തിൽ പരിശോധന നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി പാലക്കാട് നഗരസഭ കൗൺസിൽ. പാലക്കാട് തങ്കം ആശുപത്രിയിൽ രോഗികൾ മരിച്ചതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് കൗൺസിലർ മൻസൂറാണ് പ്രമേയം കൊണ്ടുവന്നത്. ചട്ടങ്ങളിൽ വീഴ്ചവരുത്തി അനധികൃത നിർമാണമാണ് ആശുപത്രിയുടേതെന്നും റഗുലറൈസ് ചെയ്ത് നൽകിയതിൽ ക്രമക്കേടുണ്ടെന്നും മൻസൂർ ആരോപിച്ചു.
മെഡിക്കൽ കോളജ് വികസനം പിന്നോട്ടടിപ്പിക്കുന്നത് സ്വകാര്യ ആശുപത്രികളുടെ ഇടപെടലാണെന്നും ഗുരുതര നിയമ ലംഘനങ്ങൾ നടത്തി പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രികളോട് നഗരസഭ കണ്ണടക്കുകയാണെന്നും വെൽെഫയർ പാർട്ടി കൗൺസിലർ എം. സുലൈമാൻ പറഞ്ഞു. ആരോപണമുയർന്ന സാഹചര്യത്തിൽ തങ്കം ആശുപത്രിയിൽ പരിശോധന നടത്തിയെന്ന് ഉദ്യോഗസ്ഥർ കൗൺസിലിനെ അറിയിച്ചു. എട്ടുകെട്ടിടങ്ങൾക്കാണ് നമ്പറുള്ളത്. നിർമാണത്തിലുള്ള കെട്ടിടത്തിന് ഫയർ എൻ.ഒ.സിക്കായി നടപടികളിലാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചതോടെ കൗൺസിൽ ബഹളമയമായി. 1,73,605 രൂപയാണ് ആശുപത്രി പ്രതിവർഷം നൽകുന്ന കരം. ഇത് വർധിപ്പിക്കാത്തതിന് പിന്നിൽ ഒത്തുകളിയാണെന്നും കൗൺസിലർമാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.