കൊല്ലം: തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിലേക്ക് എത്തിയപ്പോൾ കൊല്ലം ജില്ലയിൽ ഏറ്റവും അധികം ചർച്ചചെയ്യുന്ന മണ്ഡലമായി ചാത്തന്നൂർ മാറികഴിഞ്ഞു. ഇടതുപക്ഷത്തിന് മുൻതൂക്കമുള്ള മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് തവണ രണ്ടാം സ്ഥാനത്ത് എത്തിയ ബി.ജെ.പി ഇത്തവണ വിജയം പിടിച്ചടക്കാൻ ആഞ്ഞ് ശ്രമിക്കുകയാണ്. അടുത്ത ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തുന്നുണ്ട്. അതിനെ ഗൗരവത്തിൽ എടുത്തുള്ള പ്രവർത്തനം ഇടത് -വലതു മുന്നണികൾ നടത്തുന്നില്ല എന്ന് ആക്ഷേപമുണ്ട്. ഡീൽ ആരോപണം ഉൾപ്പെടെ ചർച്ചയിലേക്ക് എത്തിയിരിക്കുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് കൊല്ലത്തും ചാത്തന്നൂരിലും പരസ്പര സഹായം എന്ന നിലയിൽ സി.പി.എം - ബി.ജെ.പി ഡീൽ എന്ന ചർച്ചകൾ വന്നെങ്കിലും പിന്നീട് ചാത്തന്നൂരിൽ സ്ഥാനാർഥിയെ നിശ്ചയിച്ചതോടെ സി.പി.ഐയും അതിന് കൂട്ടാണോ എന്ന നിലയിലേക്കായി ചർച്ച. യു.ഡി.എഫ് ഫോർവേഡ് ബ്ലോക്കിനായി ചാത്തന്നൂർ സീറ്റ് മാറ്റിയതായി പ്രഖ്യാപിച്ചപ്പോൾ ഡീൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലാണോ എന്നതായിരുന്നു ചർച്ച. ഫോർവേഡ് ബ്ലോക്കിന്റെ നേതാവ് ദേവരാജൻ സ്വയം പിന്മാറുകയും കെ.പി.സി.സി ജനറൽ സെക്രട്ടറി സൂരജ് രവി സ്ഥാനാർഥിയാവുകയും ചെയ്തതോടെ അത് നിശ്ചലമായി.
നിലവിലെ എം.എൽ.എ ജനകീയനായ ജയലാലിനെ മാറ്റി സി.പി.ഐ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ആർ. രാജേന്ദ്രനെയാണ് ചാത്തന്നൂരിൽ മത്സരിപ്പിക്കുന്നത്. മികച്ച വ്യക്തിത്വത്തിനുടമയാണ് രാജേന്ദ്രനെങ്കിലും മണ്ഡലത്തിൽ അന്യനാണ്. സി.പി.എം പ്രവർത്തകരടക്കം പ്രചരണരംഗത്ത് പതുങ്ങി നിൽക്കുമ്പോൾ ബി.ജെ.പി ഉത്തരേന്ത്യയിൽ നിന്നടക്കം എം.എൽ.എമാരെയും എം.പിമാരെയും മണ്ഡലത്തിലെ വീടുകൾ കയറി ഇറങ്ങാൻ നിയോഗിച്ചിരിക്കുകയാണ്.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ രണ്ടാം സ്ഥാനം നേടിയ എൻ.ഡി.എ സ്ഥാനാർഥി ബി.ബി. ഗോപകുമാർ ബി.ജെ.പിയുടെ തിരുവനന്തപുരം മേഖല പ്രസിഡന്റാണ്. ചാത്തന്നൂർ എസ്.എൻ ട്രസ്റ്റ് സ്കൂളിൽ അധ്യാപകനായ അദ്ദേഹത്തിന് മണ്ഡലത്തിൽ നിറഞ്ഞ ശിഷ്യ ഗണങ്ങളുണ്ട്. തിരുവനന്തപുരം ജില്ല അതിർത്തിയിലുള്ള മണ്ഡലമായ ചാത്തന്നൂർ രൂപവത്കൃതമായത് 1965ലാണ്. സ്വതന്ത്രനായ തങ്കപ്പൻ പിള്ളയായിരുന്നു ആദ്യ വിജയി. 1967മുതൽ ’87 വരെ സി.പി.ഐ വിജയിച്ചു. 1991ൽ കോൺഗ്രസിന്റെ സമുന്നത നേതാവ് സി.വി. പത്മരാജൻ ഇവിടെ തെരഞ്ഞെടുക്കപെട്ടു. 96ൽ വീണ്ടും സി.പി.ഐ മണ്ഡലം പിടിച്ചു. കോൺഗ്രസിന്റെ പ്രതാപവർമ്മ തമ്പാനിലൂടെ 2001ൽ വീണ്ടും കോൺഗ്രസ് മണ്ഡലം പിടിച്ചു. സി.പി.ഐയിലെ എൻ. അനിരുദ്ധൻ 2006ൽ കഴിഞ്ഞ തവണത്തെ തോൽവിക്ക് പകരം വീട്ടി. 23000ൽപരം വോട്ടിനാണ് പ്രതാപവർമ്മ പരാജയപെട്ടത്.
2011 സി.പി.ഐയുടെ ജി.എസ്. ജയലാൽ ബിന്ദു കൃഷ്ണയെ പരാജപെടുത്തി സി.പി.ഐക്കായി മണ്ഡലം നിലനിർത്തി. 2016ലും 2021ലും ജയലാൽ തന്നെ വിജയിച്ചപ്പോൾ രണ്ടാമതെത്തിയത് ബി.ജെ.പിയുടെ ബി.ബി ഗോപകുമാറാണ്. ’16ൽ കോൺഗ്രസിന്റെ ശൂരനാട് രാജശേഖരനും ’21ൽ മുൻ എം.പി പീതാംബരകുറുപ്പുമാണ് മൂന്നാമതായത്. പരവൂർ നഗരസഭയും ചാത്തന്നൂർ , ചിറക്കര, കല്ലുവാതുക്കൽ, പൂതക്കുളം, ആദിച്ചനല്ലൂർ, പൂയപള്ളി പഞ്ചായത്തുകളും ഉൾപെടുന്ന പരവൂർ നഗരസഭയും ചാത്തന്നൂർ, കല്ലുവാതുക്കൽ, പുതക്കുളം, ആദിച്ചനല്ലൂർ പഞ്ചായത്തുകൾ എൽ.ഡി.എഫാണ് ഭരിക്കുന്നത്. പൂയപള്ളിയും ചിറക്കരയും കോൺഗ്രസാണ് ഭരിക്കുന്നത്. കല്ലുവാതുക്കൽ കഴിഞ്ഞ തവണ ബി.ജെ.പി ഭരിച്ചിരുന്നു.
ആർ. രാജേന്ദ്രൻ
എൽ.ഡി.എഫ്
സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം. എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നു. 1988ൽ കരീപ്ര പഞ്ചായത്ത് പ്രസിഡന്റായിരുന്നു. നിലവിൽ ഓയിൽ പാം ഇന്ത്യ ചെയർമാനും കൊട്ടാരക്കര അർബൻ ബാങ്ക് ഭരണസമിതി അംഗവുമാണ്.
സൂരജ് രവി
യു.ഡി.എഫ്
മുൻ എം.എൽ.എയും പത്രപ്രവർത്തകനുമായ തോപ്പിൽ രവിയുടെ മകൻ. കെ.പി.സി.സി ജനറൽ സെക്രട്ടറി. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് വന്നു. യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറ്, സംസ്ഥാന ജനറൽ സെക്രട്ടറി, ഡി.സി.സി വൈസ് പ്രസിഡന്റ്, കെ.പി.സി.സി സെക്രട്ടറി എന്ന നിലകളിലും പ്രവർത്തിച്ചിരുന്നു. 2016 ൽ കൊല്ലത്തുനിന്ന് നിയമസഭയിലേക്ക് മത്സരിച്ചു.
ബി.ബി. ഗോപകുമാർ
എൻ.ഡി.എ
എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂനിയൻ പ്രസിഡന്റ്, ബി.ജെ.പി തിരുവനന്തപുരം മേഖല പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ബി.ജെ.പി ജില്ല പ്രസിഡന്റായും പ്രവർത്തിച്ചു. 2016ലും2021ലും ചാത്തന്നൂരിൽ മത്സരിച്ച് രണ്ടാം സ്ഥാനത്ത് എത്തി.
2021ലെ വോട്ടുനില
ജി.എസ്. ജയലാൽ
(എൽ.ഡി.എഫ്) -59296
ബി.ബി. ഗോപകുമാർ
(ബി.ജെ.പി)-42090
എൻ. പീതാംബരകുറുപ്പ് (യു.ഡി.എഫ്)- 34280
2016ലെ വോട്ടുനില
ജി.എസ്. ജയലാൽ
(എൽ.ഡി.എഫ്)-67606
ബി.ബി. ഗോപകുമാർ
(ബി.ജെ.പി)-33199
ശൂരനാട് രാജശേഖരൻ
(യു.ഡി.എഫ്)-30139
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.