വി. കുഞ്ഞികൃഷ്ണൻ
കണ്ണൂർ: പയ്യന്നൂരിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായ വി. കുഞ്ഞികൃഷ്ണനെ പൂട്ടാൻ സി.പി.എം. ഇദ്ദേഹത്തിനെതിരെ പൊലീസിലും തെരഞ്ഞെടുപ്പ് കമീഷനിലും പരാതിപ്രളയമാണ്. സി.പി.എം പ്രവർത്തകരും ഏരിയ സെക്രട്ടറിയും തുടങ്ങി പയ്യന്നൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി ടി.ഐ. മധുസൂദനൻ വരെയുള്ളവരാണ് പരാതിക്കാർ. പത്തിലേറെ പരാതികളാണ് ഇതിനകം ലഭിച്ചത്. രണ്ടെണ്ണത്തിൽ കേസെടുത്തു. ശേഷിക്കുന്നതിൽ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു. സി.പി.എം പ്രവർത്തകൻ വി.കെ. കൃഷ്ണന്റെ വീടിന് മുന്നിലെ ചെടികളും പച്ചക്കറി കൃഷിയും നശിപ്പിച്ചതിന് എടുത്ത കേസാണ് ഏറ്റവും ഒടുവിലത്തേത്.
ധൻരാജ് രക്തസാക്ഷി ഫണ്ടിൽനിന്ന് സി.പി.എം മുൻ ഏരിയ സെക്രട്ടറി അഞ്ചുലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്ന വി. കുഞ്ഞികൃഷ്ണന്റെ സമൂഹമാധ്യമ കുറിപ്പിനു പിന്നാലെയാണ് പരാതികൾ കൂടിയത്. ബാങ്ക് രേഖകൾ സഹിതമുള്ള കുറിപ്പ് അപകീർത്തികരമെന്ന് ചൂണ്ടിക്കാട്ടി പയ്യന്നൂർ റൂറൽ ബാങ്ക് പ്രസിഡന്റ് കെ.കെ. ഗംഗാധരൻ പൊലീസിൽ പരാതി നൽകി. അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് സി.പി.എം മുൻ ഏരിയ സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ കെ.പി. മധുവും പൊലീസിൽ പരാതി നൽകി.
സമൂഹമാധ്യമ കുറിപ്പിനെതിരെ എൽ.ഡി.എഫ് സ്ഥാനാർഥി ടി.ഐ. മധുസൂദനൻ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. അഞ്ചുലക്ഷം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്ന വാർത്തയിൽ പരാമർശിച്ച പേരും തന്റെ പേരും തമ്മിൽ സാമ്യമുണ്ടെന്നും അത്തരം വാർത്തകളുടെ ലിങ്ക് നീക്കണമെന്നും ആവശ്യപ്പെട്ട് ഇദ്ദേഹം കണ്ണൂർ കലക്ടർക്ക് പരാതി നൽകി. കുഞ്ഞികൃഷ്ണനെതിരെ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. സന്തോഷ് മാത്രം രണ്ട് പരാതികൾ കുഞ്ഞികൃഷ്ണനെതിരെ പൊലീസിൽ നൽകിയിട്ടുണ്ട്. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് ഗാനം അപകീർത്തിപ്പെടുത്തുന്നതായി കാണിച്ചുള്ളതാണ് ആദ്യപരാതി. ഇതിൽ കേസെടുത്തു. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പൊളിക്കേണ്ടി വന്നത് ‘ടി.ഐ. മധുസൂദനന്റെ ഗുണ്ടകളുടെ’ ഭീഷണികാരണമെന്ന് സമൂഹമാധ്യമകുറിപ്പിനെതിരെയാണ് രണ്ടാമത്തെ പരാതി.
വി. കുഞ്ഞികൃഷ്ണന്റെ വലംകൈയായ കെ. പ്രസന്നന്റെ ബൈക്ക് കത്തിച്ച് കേസെടുത്ത് രണ്ടുമാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടിയിട്ടില്ല. എല്ലാദിവസവും കേസുകൾ വരുന്നുണ്ടെന്നും പിന്നാലെ നടക്കാൻ കഴിയുന്നില്ലെന്നും പ്രസന്നൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.