കരുനാഗപ്പള്ളി: ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെ ഹോട്ടൽ മേഖലയിലെ നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലായി. ഹോട്ടൽ, ചെറുകിട ചായക്കടകൾ എന്നിവ കൊണ്ട് ഉപജീവനം നടത്തിയിരുന്ന തൊഴിലാളികൾക്ക് പാചകവാതകത്തിന്റെ ലഭ്യത പൂർണമായും നിലച്ചതോടെ തൊഴിൽ നഷ്ടപ്പെട്ട അവസ്ഥയാണ്.
കരുനാഗപ്പള്ളി മേഖലയിലെ ഒരു പഞ്ചായത്തിൽ മാത്രം ഇരുനൂറിൽ പരം കുടുംബങ്ങളാണ് ഹോട്ടൽ മേഖലയിൽ ഉപജീവനം നടത്തിവരുന്നത്. കടകൾ അടഞ്ഞതോടെ നിത്യവൃത്തിക്ക് പോലും മാർഗമില്ലാതെ ഇവർ ഇരുട്ടിൽ തപ്പുന്ന അവസ്ഥയാണ്. പല കടകളും, തൊഴിലാളികളും വട്ടിപ്പലിശക്കാരിൽനിന്നും പണം കടമെടുത്താണ് കച്ചവട സ്ഥാപനങ്ങൾ നടത്തിക്കൊണ്ടു പോയിരുന്നത്. ദിവസങ്ങളോളം തിരിച്ചടവ് മുടങ്ങിയതോടെ പല കുടുംബങ്ങളും ഇപ്പോൾ ബ്ലേഡ് മാഫിയകളുടെ ഭീഷണിയിൽ ആണെന്നും പരാതിയുണ്ട്.
സർക്കാർ ശിപാർശ ചെയ്യുന്ന വൈദ്യ പരിശോധന, രജിസ്ട്രേഷൻ എന്നിവ പൂർത്തിയാക്കിയവരാണ് കടയുടമകളും അംഗീകൃത തൊഴിലാളികളും. എന്നാൽ, ജീവിതമാർഗം പൂർണമായും നഷ്ടപ്പെട്ട ഇവർക്ക് എന്തെങ്കിലും ആശ്വാസപദ്ധതിക്ക് പോലും മാർഗമില്ലാത്ത സ്ഥിതിയാണ്. ഇതിനിടയിൽ ചിലരെങ്കിലും വിറകടുപ്പുകൾ, കുറ്റി അടുപ്പുകൾ എന്നിവ പരീക്ഷിച്ചു നോക്കിയെങ്കിലും നിലവിലെ കച്ചവട രീതിക്ക് ഇത് അനുയോജ്യമല്ലെന്നാണ് തൊഴിലാളികൾ പറയുന്നത്.
ചവറ, തേവലക്കര, തെക്കുംഭാഗം, കരുനാഗപ്പള്ളി, കുലശേഖരപുരം, തഴവ, ഓച്ചിറ തുടങ്ങിയ മേഖലകളിൽ ചില സ്വകാര്യ വ്യക്തികൾ ഗാർഹിക ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്ത് വാങ്ങിയശേഷം ഇരട്ടി വിലയ്ക്ക് മറിച്ചുവിൽക്കുന്നതായി വ്യാപക പരാതിയാണ് ഉയരുന്നത്. ഇവരിൽനിന്നും സിലിണ്ടർ വാങ്ങിയാൽ ചായക്കടകൾക്ക് ഉൾപ്പെടെയുള്ളവർക്ക് യാതൊരു ലാഭവും ലഭിക്കില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നത് മൂലം സംസ്ഥാന സർക്കാറിന് പോലും ഇവരെ സഹായിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. ചായക്കടകളെ കൂടാതെ ചെറുകിട, കപ്പലണ്ടി കച്ചവടക്കാർ, പലഹാര കച്ചവടക്കാർ, കാപ്പി കച്ചവടക്കാർ എന്നിവരും നിലവിൽ തൊഴിൽരഹിതരായ അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.