നിലമ്പൂർ: കഞ്ചാവ് മിഠായികളുമായി രണ്ട് യുവാക്കൾ വഴിക്കടവ് ആനമറി എക്സൈസ് ചെക്ക്പോസ്റ്റിൽ പിടിയിലായി. ഗുഡല്ലൂർ ടൗൺ സ്വദേശികളായ അധികാരി വയൽവീട്ടിൽ ജിഷാദ് (19), കൊങ്കത്തു കുരിക്കൾ വീട്ടിൽ മുഹമ്മദ് കാസിം (18) എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും പിടിച്ചെടുത്തു. വർണകടലാസിൽ പൊതിഞ്ഞ 125 ഗ്രാം വരുന്ന കഞ്ചാവ് മിഠായികളാണ് പിടികൂടിയത്. ചെക്ക്പോസ്റ്റിൽ സ്പെഷൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മുസ്തഫ ചോലയിലും സംഘവുമാണ് പ്രതികളെ പിടികൂടിയത്.
മഞ്ചേരിയിലെ ഒരു മുറുക്കാൻ കടയിൽനിന്നാണ് മിഠായികൾ വാങ്ങിയതെന്നാണ് പ്രതികളുടെ മൊഴി. ഇരുവരും മഞ്ചേരിയിൽ പഠിക്കുന്ന വിദ്യാർഥികളാണ്. പ്രതികളുടെ മൊഴി പ്രകാരം കടയിൽ മഞ്ചേരി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ഇവിടെനിന്നും കഞ്ചാവ് മിഠായികൾ പിടിച്ചെടുത്തിട്ടുണ്ട്. മിഠായികളുടെ ലേബലിൽ ഛത്തീസ്ഗഢിലെ ഒരു സ്ഥാപനത്തിന്റെ മേൽവിലാസമാണുള്ളത്. പിടിച്ചെടുത്ത കഞ്ചാവ് മിഠായികൾ പരിശോധനക്കായി കോഴിക്കോട് റീജനൽ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. പ്രതികളെയും തൊണ്ടി സാധനങ്ങളും കേസ് അന്വേഷണത്തിന്റെ തുടർനടപടികൾക്കായി നിലമ്പൂർ എക്സൈസ് റേഞ്ചിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.