ബഹാസ്

`വിളിക്കാതെ വന്നപ്പോൾ കാണാൻ നീയില്ലല്ലോ'; ക്ഷണിക്കാതെ തന്നെ പ്രിയ സുഹൃത്തുക്കൾ തന്‍റെ നാട്ടിലെത്തിയിട്ടും ബഹാസ് കണ്ണ് തുറന്നില്ല

മങ്കട: ‘‘ഡാ, ഇങ്ങൾ ഒരു ദിവസം ന്‍റെ നാട്ടിലേക്ക് വാ, പൊളി വൈബാണ്, മ്മക്ക് ചില്ലാക്കാം എന്ന് ഓൻ പറയാൻ തുടങ്ങിയിട്ട് കുറേ കാലമായി. അവസാനം ഓൻ വിളിക്കാതെ തന്നെ ഞങ്ങൾ ഓന്‍റെ നാട്ടിലേക്ക് വന്നപ്പോൾ...’’ -വാക്കുകൾ പൂർത്തിയാക്കാനാകാതെ ബഹാസിന്‍റെ സഹപാഠികൾ പൊട്ടിക്കരഞ്ഞു. ക്ലാസിലെ തന്‍റെ പ്രിയപ്പെട്ട ചങ്കുകൾക്കൊപ്പം കുരങ്ങൻചോല വ്യൂ പോയന്‍റ് സന്ദർശിച്ച് കുറേ നേരം കഥകൾ പറഞ്ഞിരിക്കുക എന്നത് ബഹാസിന്‍റെ വലിയ ആഗ്രഹമായിരുന്നു. അവസാനം ക്ഷണിക്കാതെ തന്നെ പ്രിയ സുഹൃത്തുക്കൾ എത്തിയിട്ടും ബഹാസ് കണ്ണ് തുറന്നില്ല. അല്ല, അവൻ തങ്ങളെ കാണുകയും ഉള്ളിൽ സന്തോഷിക്കുകയും നിഷ്കളങ്കമായി ചിരിക്കുകയും ചെയ്യുന്നുണ്ട് എന്നാണ് അവർ വിശ്വസിക്കുന്നത്.

വെള്ളില മല കൂരിമണ്ണിൽ പുത്തൻ വീട്ടിൽ സെയ്തലവിയുടെയും സാജിദയുടെയും മകൻ ബഹാസിന്‍റെ (18) മരണം ഉറ്റവർക്കും അയൽവാസികൾക്കുമൊപ്പം സഹപാഠികളെയും തീരാദുഃഖത്തിലാഴ്ത്തി. പഠനത്തിൽ മിടുക്കനും എല്ലാവരോടും നിഷ്കളങ്കമായി പെരുമാറുകയും ചെയ്തിരുന്ന അവൻ നാട്ടുകാരുടെയും അധ‍്യാപകരുടെയുമെല്ലാം പ്രിയപ്പെട്ടവനായിരുന്നു.

മലപ്പുറം ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ ബഹാസ് പരീക്ഷാഫലം കാത്തിരിക്കുമ്പോഴാണ് അപകടം. വലിയ കരിയർ ലക്ഷ്യങ്ങളുണ്ടായിരുന്ന ബഹാസിന് എൻജിനീയറാവാനായിരുന്നു ആഗ്രഹം. കീം പരീക്ഷയും എഴുതിയിരുന്നു. വടക്കാങ്ങര ടി.എച്ച്.എസ്.എസിൽനിന്ന് ഫുൾ എ പ്ലസോടെയായിരുന്നു എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ചത്. ബഹാസിന്‍റെ അകാല മരണം ഇരു സ്കൂളുകളിലെയും അധ‍്യാപകർക്ക് താങ്ങാൻ കഴിയുന്നതിലുമപ്പുറമായിരുന്നു. ടസ്കർ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെച്ച പ്രിയ ശിഷ്യന്‍റെ ചേതനയറ്റ ശരീരം കണ്ട് അവർ വിങ്ങിപ്പൊട്ടി.

ആറു വർഷം മുമ്പായിരുന്നു ഉമ്മ സാജിദയുടെ മരണം. സഹോദരി ഫാത്തിമ ഹിബ ഫുഡ് ടെക്നോളജി കോഴ്സ് ചെയ്യുന്നു. രണ്ടാം ക്ലാസ് വിദ്യാർഥി ഫാത്തിമ ഇഷയാണ് മറ്റൊരു സഹോദരി. മലയിലെ അൻസാറുൽ ഇസ്ലാം മദ്റസ വിദ്യാർഥികളുടെ പ്രിയപ്പെട്ട ദഫ് മാസ്റ്ററായിരുന്നു ബഹാസ്. കൂടാതെ, അവധി ദിവസങ്ങളിൽ വിവാഹ പാർട്ടികൾക്കും മറ്റും മധുരപലഹാരങ്ങൾ തയാറാക്കുന്ന ജോലിയിലൂടെ അവൻ പോക്കറ്റ് മണി കണ്ടെത്തി. ഇങ്ങനെ സമ്പാദിച്ച പണമുപയോഗിച്ച് ഒരു ബൈക്ക് വാങ്ങുക എന്ന ആഗ്രഹം പൂർത്തീകരിക്കാതെയാണ് ബഹാസിന്‍റെ മടക്കയാത്ര.

അപകട വാർത്തയറിഞ്ഞ ഉടൻ സഹപാഠികൾ ചൊവ്വാഴ്ച രാത്രി തന്നെ മഞ്ചേരി മെഡിക്കൽ കോളജിലെത്തിയിരുന്നു. വാതോരാതെ സംസാരിക്കുന്ന പ്രിയ ചങ്ങാതിയുടെ ചലനമറ്റ മുഖം കണ്ടപ്പോൾ അവർക്ക് സഹിക്കാനായില്ല, പലരും നിയന്ത്രണംവിട്ട് കരഞ്ഞു. ബുധനാഴ്ച രാവിലെയോടെ ടസ്കർ ഓഡിറ്റോറിയത്തിലും തുടർന്ന് വീട്ടിലുമെല്ലാം അവരെത്തി. വെള്ളില മല റഹ്മാനിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ചങ്ക് ബ്രോക്ക് അവസാന യാത്രയയപ്പ് നൽകിയിട്ടും അവർ അവിടം വിട്ടില്ല. ഇനി നിരന്തരം ക്ഷണിക്കാൻ അവനില്ലല്ലോ എന്ന ദുഃഖം ഉള്ളിൽ കനലായി എരിയുമ്പോഴും അവർ അവിടെത്തന്നെ നിന്നു, ഇതുകണ്ട് അവൻ സന്തോഷിക്കുന്നുണ്ടാകും എന്ന ആശ്വാസത്തോടെ...

Tags:    
News Summary - 'You weren't there to see us when we came uninvited'; even though his dear friends arrived at his village without an invitation, Bahas did not open his eyes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.