നിലമ്പൂർ: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വന്യജീവിശല്യം നേരിടുന്ന ജില്ലകളിലൊന്നായ മലപ്പുറത്തെ കുടിയേറ്റ ജനത പുതിയ സർക്കാറിൽ ഏറെ പ്രതീക്ഷയിൽ. വനംമന്ത്രിയുടെ ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ തുറക്കാനുള്ള തീരുമാനം മലയോര ജനതക്ക് പുതുപ്രതീക്ഷ നൽകിയിട്ടുണ്ട്.
കാട്ടാന ഉൾപ്പെടെ വന്യജീവികൾ കൃഷിയിടത്തിലേക്ക് ഇറങ്ങാതിരിക്കാനുള്ള കാര്യക്ഷമമായ പദ്ധതികൾ നടപ്പാക്കണമെന്നാണ് കാർഷിക കുടുംബങ്ങളുടെ നിരന്തരമുള്ള ആവശ്യങ്ങൾ. കാട്ടുമൃഗശല്യം മൂലം മലയോരത്ത് കൃഷി അസാധ്യമായിരിക്കുന്ന അവസ്ഥയാണ് നിലവിൽ. മന്ത്രി ഓഫിസിൽ കോൾ സെന്റർ തുറന്നാലും അപകടമേഖലയിലേക്ക് ഓടിയെത്തുന്നതിന് ജില്ലയിലെ റാപ്പിഡ് റെസ്പോൺസ് ടീം (വനം ദ്രുതകർമസേന) പ്രവർത്തനം കുറെക്കൂടി കാര്യക്ഷമമാക്കണം.
ജില്ലയിൽ നിലമ്പൂർ നോർത്ത്, സൗത്ത് ഡിവിഷനുകളിൽ രണ്ട് വനം ദ്രുതകർമസേനയാണുള്ളത്. ഇതിൽതന്നെ സൗത്ത് ഡിവിഷൻ കേന്ദ്രീകരിച്ചുള്ള സേനയിലുള്ള ഉദ്യോഗസ്ഥർക്ക് താൽക്കാലിക ചുമതലയാണ് നൽകിയിട്ടുള്ളത്.
സേനയിലെ ഉദ്യോഗസ്ഥരെ സ്ഥിരപ്പെടുത്തി മതിയായ പരിശീലനം നൽകി കാര്യക്ഷമമാക്കണം. നിലമ്പൂർ കേന്ദ്രീകരിച്ച് ഒരു സേനകൂടി രൂപവത്കരിക്കണം. നാട്ടിലേക്കിറങ്ങുന്ന കാട്ടാന ഉൾപ്പെടെ വന്യജീവികളെ തുരത്താൻ തോക്ക് ഉൾപ്പെടെ മതിയായ ആയുധങ്ങൾ സേനക്ക് നൽകണം.
പൊന്നാനി, തിരൂരങ്ങാടി പോലുള്ള തീരദേശ മേഖലകളിൽ പുതിയ ഫോറസ്റ്റ് സ്റ്റേഷനുകൾ അനുവദിക്കണം. അടുത്ത കാലത്ത് കുറുനരി, മയിൽ, കാട്ടുപന്നി എന്നിവയുടെ ശല്യം തീരദേശ മേഖലകളിൽ ഏറെ വർധിച്ചിട്ടുണ്ട്. നിലമ്പൂരിൽനിന്നാണ് ഇവിടേക്ക് വനംജീവനക്കാർ ഏറെ യാത്രചെയ്ത് എത്തുന്നത്. സ്റ്റേഷനുകളുടെ വലുപ്പത്തിന് അനുസരണമായി ഓരോ ഫോറസ്റ്റ് സ്റ്റേഷനു കീഴിലും ബ്ലോക്ക്തല പ്രൊട്ടക്ഷൻ സ്റ്റേഷനുകൾ രൂപവത്കരിക്കണമെന്നാണ് മറ്റൊരു പ്രധാനപ്പെട്ട ആവശ്യം.
ജില്ലയിൽ നിലമ്പൂർ നോർത്ത്, സൗത്ത് എന്നിങ്ങനെ രണ്ട് ഫോറസ്റ്റ് ഡിവിഷനുകളാണുള്ളത്. നോർത്തിൽ വഴിക്കടവ്, നിലമ്പൂർ, എടവണ്ണ മൂന്നു റേഞ്ചുകളും സൗത്തിൽ കാളികാവ്, കരുളായി എന്നിങ്ങനെ രണ്ടു റേഞ്ചുകളുമാണുള്ളത്.
11 ഫോറസ്റ്റ് സ്റ്റേഷനുകളും രണ്ടു സെക്ഷൻ ഫോറസ്റ്റ് ഓഫിസുകളുമാണ് റേഞ്ചുകൾക്കു കീഴിൽ ജില്ലയിലുള്ളത്. ഇത് അപര്യാപ്തമാണ്.
കൂടുതൽ ജീവനക്കാരെ നിയമിച്ച് ഓരോ ഫോറസ്റ്റ് സ്റ്റേഷനുകൾക്കു കീഴിലും ബ്ലോക്ക്തല പ്രൊട്ടക്ഷൻ ഓഫിസുകൾ സ്ഥാപിക്കണമെന്നാണ് ആവശ്യം. ഇതോടെ വനസംരക്ഷണവും ഒപ്പം വന്യജീവി ഭീഷണിയും ഒരു പരിധിവരെ തടയാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.