പൂക്കോട്ടുംപാടം: ചുള്ളിയോട്- ഉണ്ണിക്കുളത്ത് കാട്ടാനക്കൂട്ടമിറങ്ങി കാർഷിക വിളകളും സൗരോർജ വേലികളും നശിപ്പിച്ചു. കരുവണ്ണി കുഞ്ഞിമൊയ്തീൻ കുട്ടി, കരുവണ്ണിയിൽ കുഞ്ഞി മരക്കാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിലെ മൂന്നുവർഷം പ്രായമായ പത്തിലധികം റബർ തൈകളും ശാന്തപുരം അൽജാമിഅ അൽഇസ്ലാമിയയുടെയും വാടാനപ്പള്ളി യതീംഖാനയുടെയും ഉടമസ്ഥതയിലുള്ള തോട്ടത്തിലെ റബർ, തേക്ക് മരങ്ങളും 25ഓളം കമ്പിവേലി കല്ലുകളുമാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ഇരു തോട്ടങ്ങളിലും സൗരോർജ വേലികൾ സ്ഥാപിച്ചിട്ടു ണ്ടെങ്കിലും വലിയ മരങ്ങൾ വൈദ്യുതി വേലിയുടെ മുകളിലേക്ക് മറിച്ചിട്ടാണ് ആനക്കൂട്ടം തോട്ടങ്ങളിലേക്ക് കടന്നിട്ടുള്ളത്. ഈയാഴ്ച മൂന്നാം തവണയാണ് ആനകൾ കൃഷിയിടത്തേക്ക് പ്രവേശിക്കുന്നതും തൈ മരങ്ങൾ നശിപ്പിക്കുന്നതും.
ജനവാസ മേഖലയായ ഉണ്ണിക്കുളം പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമായിരിക്കുകയാണ്. രാത്രികാലങ്ങളിൽ പ്രദേശത്തെ വീടുകളിൽനിന്ന് പുറത്ത് ഇറങ്ങാനും ടാപ്പിങ് തൊഴിലാളികൾക്ക് പുലർച്ച ജോലി ചെയ്യാനും കാട്ടാനഭീതി തടസ്സം സൃഷ്ടിക്കുന്നു. ദിവസവേതനത്തിന് വാച്ചർമാർ കാവലുണ്ടെങ്കിലും കാട്ടാനശല്യം രൂക്ഷമായതിനാൽ ഇതൊന്നും ഫലപ്രദമാകുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്. കാവൽ ശക്തിപ്പെടുത്താൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നും വന്യജീവികൾ നശിപ്പിക്കുന്ന കൃഷികൾക്ക് നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.