ചാലിയാറിൽ ആരംഭിച്ച ദീർഘദൂര ജലയാത്ര
ചാലിയാറിൽ കാണാം, ജലോത്സവം
നിലമ്പൂർ: ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ദീർഘദൂര കയാക്കിങ് യാത്രയായ ചാലിയാർ റിവർ പാഡിൽ സീസൺ 12ന് നിലമ്പൂരിൽ തുടക്കം. നിലമ്പൂർ ഗവ. മാനവേദൻ ഹയർസെക്കൻഡറി സ്കൂളിന് സമീപമുള്ള കടവിൽ നിന്നാണ് 68 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്ന് ദിവസത്തെ സാഹസിക യാത്ര ആരംഭിച്ചത്. ചാലിയാർ നദിയുടെ സംരക്ഷണവും ജലസ്രോതസ്സുകൾ മലിനമാകാതെ നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും മുൻനിർത്തി സംഘടിപ്പിക്കുന്ന ബോധവത്കരണ യാത്രയാണിത്.
കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ജെല്ലി ഫിഷ് വാട്ടർ സ്പോർട്സും നിലമ്പൂർ ടൂറിസം ഓർഗനൈസേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന, മധ്യപ്രദേശ്, ഒഡീഷ, പഞ്ചാബ്, ഉത്തരാഖണ്ഡ്, അസം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് പുറമെ അമേരിക്ക, ന്യൂസിലാൻഡ്, സ്പെയിൻ, ഇംഗ്ലണ്ട് എന്നീ വിദേശരാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾ ഉൾപ്പെടെ 102 പേരാണ് ചാലിയാറിന്റെ മടിത്തട്ടിലൂടെയുള്ള സാഹസിക യാത്രയിൽ പങ്കാളികളാകുക. ഇതിൽ എട്ട് വയസ്സുള്ള കുട്ടിയും 15 വയസ്സിന് താഴെയുള്ള 15 പേരും, 50 വയസ്സിന് മുകളിലുള്ള 21 പേരും, 15 സ്ത്രീകളും ഉൾപ്പെടുന്നു.
നിലമ്പൂരിൽനിന്ന് ആരംഭിക്കുന്ന യാത്ര കോഴിക്കോട് ചെറുവണ്ണൂരിലെ ജെല്ലിഫിഷ് വാട്ടർ സ്പോർട്സ് കേന്ദ്രത്തിൽ സമാപിക്കും.
കയാക്കിങ്, സ്റ്റാൻഡ് അപ്പ് പാഡലിങ്, റഫ്റ്റിങ് തുടങ്ങിയ ജലകായിക വിനോദങ്ങളിലൂടെ ചാലിയാറിന്റെ നൈസർഗിക ഭംഗി അനുഭവിക്കുന്നതിനോടൊപ്പം നദീസംരക്ഷണത്തിന്റെ വലിയൊരു സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കാനും ഈ യാത്ര ലക്ഷ്യമിടുന്നു. യാത്രയിലുടനീളം ചാലിയാറിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് നദി ശുചീകരിക്കുന്ന പ്രവർത്തനങ്ങളും നടത്തും. കഴിഞ്ഞ വർഷത്തെ യാത്രയിൽ ചാലിയാറിൽ നിന്നും 1500 കിലോ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചിരുന്നു.
യാത്രയുടെ ഉദ്ഘാടനം പി.വി. അബ്ദുൽ വഹാബ് എം.പി നിർവഹിച്ചു. ആര്യാടൻ ഷൗക്കത്ത് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ജെല്ലിഫിഷ് വാട്ടർ സ്പോർട്സ് സ്ഥാപകൻ കൗഷിഖ് കൊടിത്തോടിക അധ്യക്ഷത വഹിച്ചു. നിലമ്പൂർ നഗരസഭ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ് മുഖ്യാതിഥിയായി. നിലമ്പൂർ ടൂറിസം ഓർഗനൈസേഷൻ വർക്കിങ് പ്രസിഡന്റ് മുജീബ് ദേവശ്ശേരി, ജെല്ലിഫിഷ് മാനേജിങ് ഡയറക്ടർ റിൻസി ഇക്ബാൽ,ന്യൂസിലാൻഡിൽ നിന്നുള്ള പ്രശസ്ത കയാക്കിങ് താരം ആക്സ് റൗളിൺസൺ, ജെല്ലിഫിഷ് മാനേജർ പ്രസാദ് തുമ്പാണി എന്നിവർ സംസാരിച്ചു.
ജലയാത്രക്കൊപ്പം ബംഗളൂരുവിൽനിന്നുള്ള ബാലികയും ലണ്ടനിൽനിന്നുള്ള വയോധികയും
നിലമ്പൂർ: എട്ടുവയസ്സുള്ള കുട്ടിയും എഴുപത് വയസ്സുകാരിയും ഇത്തവണ കയാക്കിങ്ങിന്റെ മാറ്റുകൂട്ടാനുണ്ടാകും. ബംഗളൂരു സ്വദേശിനി സ്വര അയ്യരാണ് എട്ടുവയസ്സുകാരി. പിതാവ് ശ്രീറാമിന്റെ കൂടെയാണ് സ്വര ജലയാത്രയിൽ പങ്കെടുക്കുന്നത്. ഇത് രണ്ടാം തവണയാണ് സ്വര അയ്യർ ചാലിയാറിൽ തുഴയെറിയുന്നത്.
ലണ്ടൻ സ്വദേശിനി ലൂയിസ് നോളൻ ആണ് എഴുപതിലും ചുറുചുറുക്കോടെ ചാലിയാറിൽ തുഴയെറിയാൻ എത്തിയെത്. കേരളത്തിൽ ആദ്യമായാണ് കയാക്കിങിൽ ഇവർ പങ്കെടുക്കുന്നത്. ചാലിയാറിനെ കുറിച്ച് വായിച്ചറിഞ്ഞിട്ടുണ്ടെന്നും ചാലിയറിന്റെ സംരക്ഷണത്തിൽ പങ്കാളിയാകാനാണ് തുഴയെറിയാൻ ഇവിടെയെത്തിയതെന്നും ലൂയിസ് നോളൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.