നിയമം എല്ലാവർക്കും ഒരുപോലയാകണം; കോട്ടക്കലിൽ സ്വകാര്യ ബസ് തടഞ്ഞ് ഓട്ടോ തൊഴിലാളികൾ

കോട്ടക്കൽ: ട്രാഫിക് പരിഷ്കാരങ്ങൾ നടപ്പാക്കിയ കോട്ടക്കലിൽ സ്വകാര്യ ബസുകൾക്ക് ഇളവ് കൊടുത്തത് ചോദ്യം ചെയ്ത് ഓട്ടോറിക്ഷ തൊഴിലാളികൾ. ആയുർവേദ കോളജ് ഭാഗത്ത് പുതുപ്പറമ്പിലേക്കുള്ള ബസ് തടഞ്ഞതോടെ പൊലീസും തൊഴിലാളികളും തമ്മിൽ വാക്കുതർക്കവും ഉടലെടുത്തു.

നിയമം നടപ്പാക്കുകയാണെങ്കിൽ എല്ലാവർക്കും ഒരുപോലെ വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഈ ഭാഗങ്ങളിലേക്ക് ചെറിയ ഓട്ടത്തിന് കൂടുതൽ ദൂരം സഞ്ചരിക്കേണ്ട സ്ഥിതിയാണെന്നും ഇവർ പറയുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്ന എസ്.ഐ ബിൻഷാദ് അലി ഇവരെ അനുനയിപ്പിച്ചു. ശേഷം ബസ് കടത്തിവിട്ടു. ദേശീയപാതയിൽ നിന്നും പുതുപ്പറമ്പ് വേങ്ങര പാതയിലേക്ക് പ്രവേശിക്കുന്നിടത്ത് സ്വകാര്യ ബസുകൾക്ക് മാത്രമാണ് വഴി തുറന്നുകൊടുക്കുന്നത്. ഇവിടെ മറ്റു വാഹനങ്ങൾ കടക്കാതിരിക്കാൻ സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

ബസുകൾ വരുമ്പോൾ പൊലീസ് ഇവ മാറ്റി കൊടുക്കും. മറ്റു വാഹനങ്ങൾ എടരിക്കോട് ജങ്ഷനിലുള്ള റൗണ്ട് എബൗട്ട് ചുറ്റി വേണം സ്വന്തം നാട്ടിലെത്താൻ. ട്രാഫിക് റഗുലേറ്ററി ഉപദേശക സമിതി യോഗ തീരുമാനം പ്രകാരം ചങ്കുവെട്ടി ജങ്ഷൻ മുതൽ എടരിക്കോട് ജങ്ഷൻ വരെ മറുഭാഗത്തേക്കുള്ള അഞ്ചിലധികം വഴികളാണ് പൊലീസ് പൂർണമായും അടച്ചിരിക്കുന്നത്. അതേസമയം, അടച്ച ഭാഗങ്ങൾ തുറന്നുകൊടുത്തവർക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. ‘യാത്ര സുഗമമാക്കാൻ ഈ പരിഷ്കാരം പാളുമോ’ എന്ന തലക്കെട്ടിൽ മാധ്യമം കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. 

രണ്ടിടങ്ങളിൽ തുറന്നു കൊടുത്ത് പൊലീസ്

കോട്ടക്കൽ: യാത്രക്കാരുടേയും നാട്ടുകാരുടേയും പ്രയാസം മനസ്സിലാക്കി അടച്ചുപൂട്ടിയ രണ്ടിടങ്ങൾ തുറന്നുകൊടുത്ത് പൊലീസ്. ചങ്കുവെട്ടിക്ക് സമീപം ആലിക്കുട്ടീസ് ആശുപത്രിക്ക് മുന്നിലുള്ള ഭാഗവും കോളേജ് പടി കഴിഞ്ഞിട്ടുള്ള ഭാഗവുമാണ് തുറന്നത്. വലിയ വാഹനങ്ങൾക്ക് മറുഭാഗത്തേക്ക് കടക്കാൻ ഇവിടെയുണ്ടായിരുന്ന ഡിവൈഡർ നീളം കൂട്ടിയിട്ടുണ്ട്. പുതുപ്പറമ്പ് ഭാഗത്തേക്കുള്ള നിലവിലെ സ്ഥിതി തുടരും. ഇവിടെ ഗതാഗതക്കുരുക്ക് പരമാവധി കുറക്കാൻ പുതിയ പദ്ധതിക്ക് കഴിഞ്ഞതായി എസ്.ഐ ബിൻഷാദ് അലി പറഞ്ഞു. വേങ്ങരയടക്കമുള്ള ഭാഗത്തുനിന്നും ദേശീയ പാതയിലേക്ക് നേരിട്ട് കടക്കുന്നതാണ് ഈ ഭാഗത്ത് കൂടുതലും തടസ്സം നേരിട്ടിരുന്നത്.

Tags:    
News Summary - Auto workers block private bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.