താഴേക്കോട് കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിൽ സൂര്യോദയവും സൂര്യാസ്തമയവും കാണാൻ ഏർപ്പെടുത്തിയ ക്രമീകരണം നജീബ് കാന്തപുരം
എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
കൊടികുത്തിമലയിൽനിന്ന് കാണാം, സൂര്യോദയവും അസ്തമയവും
പെരിന്തൽമണ്ണ: കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിൽ സഞ്ചാരികൾക്കായി സൂര്യോദയവും സൂര്യാസ്തമയവും കാണാനുള്ള പ്രത്യേക സൗകര്യത്തിന് തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം ഗാന്ധി ജയന്തി ദിനത്തിൽ നജീബ് കാന്തപുരം എം.എൽ.എ നിർവഹിച്ചു. താഴേക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഹുസൈൻ കളപ്പാടൻ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ ഡോ. വിനയ് ഗോയൽ, പെരിന്തൽമണ്ണ സബ് കലക്ടർ സാക്ഷി മോഹൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബഷീറ, ബ്ലോക്ക് അംഗം പ്രബീന ഹബീബ് വനംവകുപ്പ് ഉദ്യോഗസ്ഥർ മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. നിലമ്പൂർ സൗത്ത് ഡി.എഫ്. ഒ ധനിഷ് ലാൽ സ്വാഗതം പറഞ്ഞു. സമുദ്രനിരപ്പിൽനിന്ന് രണ്ടായിരത്തോളം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൊടികുത്തിമലയിലെ കുളിർകാറ്റും പച്ചപ്പും മലമുകളിലെ വാച്ച് ടവറിൽ നിന്നുള്ള കാഴ്ചകളുമാണ് പ്രധാന ആകർഷണം.
പുതിയ സംവിധാനം നിലവിൽ വന്നതോടെ കൊടികുത്തിമല സംസ്ഥാനത്തെ പ്രമുഖ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി വളരുമെന്നാണ് പ്രതീക്ഷ. പുലർച്ചെ 4.30 മുതൽ വൈകുന്നേരം 6.30 വരെ ടിക്കറ്റ് നൽകി പ്രവേശനം അനുവദിക്കും. സൂര്യാസ്തമയം കണ്ട് രാത്രി 7. 30 ഓടെ സന്ദർശകർ മലയിൽ നിന്ന് പുറത്തിറങ്ങണം. തിങ്കളാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും പ്രവേശനം ഉണ്ടാകും. നേരത്തെ രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ചു വരെയുള്ള സമയമായിരുന്നു.
ഇതാണ് സഞ്ചാരികൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ പുനഃക്രമീകരിച്ചത്. പുതിയ ക്രമം ആരംഭിക്കുന്നത്തോടെ വരും ദിവസങ്ങളിൽ കൊടികുത്തിമലയിൽ സഞ്ചാരികളുടെ എണ്ണവും കൂടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.