ആകാശപ്പാത പൂർത്തിയായാൽ വേങ്ങര ആയുർവേദ ആശുപത്രി പരിസരത്തുനിന്നുള്ള കാഴ്ച (എ.ഐ ഭാവനയിൽ)
വേങ്ങര: വേങ്ങര ടൗൺ വഴി കടന്ന് പോവുന്ന നാടുകാണി-പരപ്പനങ്ങാടി സംസ്ഥാന പാതയിൽ ഊരകം കുറ്റാളൂർ മുതൽ വേങ്ങര കച്ചേരിപ്പടി വരെ തുടരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി 250 കോടി രൂപ ചെലവിൽ നിർമിക്കുന്ന ആകാശപ്പാതയുടെ മാപ്പിങ് ആൻഡ് ട്രോപ്പോഗ്രാഫിക് സർവേ തുടങ്ങി.
നിർമാണ ജോലികൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് സർവേ തുടങ്ങിയത്. അലൈൻമെൻറ്, പാത തുടങ്ങുന്നിടത്തും അവസാനിക്കുന്നിടത്തുമുള്ള ഭൂമിയുടെ ലഭ്യത എന്നിവയാണ് സർവേയിൽ ഉൾപ്പെടുക.
ഇതിന്റെ ഭാഗമായി പൊതുമരാമത്ത് ബ്രിഡ്ജ് വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർ സി. വിനോദ് കുമാർ, എ.ഇ നീരജ് കുമാർ, ഓവർസിയർ ലിജു എന്നിവർ കഴിഞ്ഞ ദിവസം മണ്ഡലം എം.എൽ.എയും തദ്ദേശ മന്ത്രിയുമായ കെ.എം. ഷാജിയുടെ ഓഫിസിലെത്തി അലൈമെൻറ് ഡ്രോയിങ്ങും റവന്യൂ രേഖകളും സമർപ്പിച്ചു. ശേഷം മന്ത്രിയും ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും ചേർന്ന് പാത കടന്നുപോവുന്ന വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി.
ഊരകം കുറ്റാളൂർ ബദരിയ്യ ജുമാ മസ്ജിദ് പരിസരത്തുനിന്ന് ആരംഭിച്ച് വേങ്ങര അമ്മാഞ്ചേരി ക്ഷേത്ര പരിസരത്ത് അവസാനിക്കുന്ന വിധത്തിലാണ് ആകാശപ്പാത വിഭാവന ചെയ്തത്. ഒറ്റത്തൂണിൽ 11 മീറ്റർ പൊക്കത്തിൽ മൂന്ന് വാഹനങ്ങൾക്ക് ഒരേ സമയം കടന്ന് പോകാൻ പറ്റുന്ന തരത്തിലാണ് റോഡിന്റെ ഘടന. താഴെ ആറ് മീറ്റർ സർവിസ് റോഡും പാർക്കിങ് സൗകര്യമുണ്ടാകും. 2.5 കിലോമീറ്ററാണ് ദൂരം.
പൂർത്തിയാവുന്ന മുറക്ക് വേങ്ങര അങ്ങാടിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമാവുന്നതോടൊപ്പം പാലക്കാട്, പെരിന്തൽമണ്ണ, മഞ്ചേരി, മലപ്പുറം ഭാഗത്തുനിന്നുള്ള ചരക്ക് വാഹനങ്ങൾക്കും യാത്ര വാഹനങ്ങൾക്കും കൂരിയാട് വഴി ദേശീയപാത 66ൽ ചേരാനും തിരിച്ചും യാത്ര ചെയ്യാൻ വളരെ സൗകര്യമാകും.
ജില്ല പഞ്ചായത്ത് അംഗം ശരീഫ് കുറ്റൂർ, പറമ്പിൽ അബ്ദുൽ ഖാദർ, ഹർഷൽ ചാക്കീരി, എൻ. ഉബൈദ് മാസ്റ്റർ, പറങ്ങോടത്ത് അസീസ്, പി.കെ. അലി അക്ബർ, ഹാരിസ് മാളിയേക്കൽ, പി.കെ. റഷീദ്, എം. ഫത്താഹ് എന്നിവരും സംഘത്തെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.