കോട്ടക്കുന്നിൽ ഒരുക്കിയ വേസ്റ്റ് ടു ആർട്ട് പൂക്കളം
മലപ്പുറം: ജില്ല ശുചിത്വമിഷനും എക്കോ വേൾഡ് വേസ്റ്റ് മാനേജ്മെന്റ് എൽ.എൽ.പി.യും സഹകരിച്ച് കോട്ടക്കുന്നിൽ നിർമിച്ച ഏഷ്യയിലെ ഏറ്റവും വലിയ വേസ്റ്റ് ടു ആർട്ട് പൂക്കളത്തിന്റെ ഉദ്ഘാടനം വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വെള്ളിയാഴ്ച കോട്ടക്കുന്നിൽ നിർവഹിക്കും. വൈകുന്നേരം ആറിനാണ് ചടങ്ങ്. ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ഹരിതകർമ സേന വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് പുനരുപയോഗിച്ചാണ് പൂക്കളം ഒരുക്കിയത്. ആകെ 20736 പ്ലാസ്റ്റിക് കുപ്പികൾ, 13 കിലോ ചാക്കുകൾ, 485 സി.ഡി.കൾ, 12 കിലോ അലുമിനിയം ഫോയിലുകൾ, 138 ഫുഡ് കണ്ടെയ്നറുകൾ, 18 കിലോ പ്ലാസ്റ്റിക് കവറുകൾ എന്നിവയാണ് പൂക്കളം ഒരുക്കുന്നതിനായി ഉപയോഗിച്ചത്.
ഒമ്പത് കലാകാരന്മാരുടെ അഞ്ച് ദിവസത്തെ അധ്വാനത്തിനൊടുവിലാണ് 1,560 ചതുരശ്ര അടി വിസ്തീർണമുള്ള വേസ്റ്റ് ടു ആർട്ട് പൂക്കളം പൂർത്തിയായത്. ഹരിത ഓണം എന്ന ആശയത്തെ മുൻനിർത്തി കേരളത്തിന്റെ തനത് കലാ-സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന രീതിയിലാണ് പൂക്കളം ഒരുക്കിയിരിക്കുന്നത്. കഥകളിയുടെയും ചുണ്ടൻവള്ളത്തിന്റെയും രൂപങ്ങൾ ഉൾപ്പെടുത്തിയ പൂക്കളം മാലിന്യങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്താൽ അവയ്ക്ക് എങ്ങനെ മൂല്യമുള്ള സൃഷ്ടികളായി മാറാനാകുമെന്ന സന്ദേശവും നൽകുന്നു. ‘‘നമ്മുടെ മാലിന്യം, നമ്മുടെ ഉത്തരവാദിത്വം” എന്ന സന്ദേശമാണ് പദ്ധതിയിലൂടെ മുന്നോട്ടുവെക്കുന്നത്. വേസ്റ്റ് ടു ആർട്ട് പൂക്കളം കോട്ടക്കുന്നിൽ ഈ മാസം 31 വരെ പൊതുജനങ്ങൾക്ക് കാണാൻ അവസരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.