തിരൂർ: വന്ദേഭാരത് ട്രെയിനിന് ജില്ലയിൽ തിരൂരിൽ സ്റ്റോപനുവദിക്കണമെന്ന് സോണൽ റെയിൽവേ യൂസർ കൺസൾടിങ്ങ് കമ്മിറ്റി അംഗം എ.കെ.എ. നസീർ കൊടിക്കുന്നിൽ സുരേഷ് എം.പി മുഖേന കേന്ദ്ര റെയിൽവേ ബോഡിനോട് ആവശ്യപ്പെട്ടു.
വന്ദേഭാരത് ട്രെയിനിന്റെ ഷെഡ്യൂൾ സ്റ്റോപ്പിനെ സംബന്ധിച്ച് നേരത്തെയുള്ള നിർദ്ദേശങ്ങൾ അനുസരിച്ച് തിരൂരിനെ ഉൾപ്പെടുത്തിയത് ഒഴിവാക്കപ്പെട്ടു എന്നാണ് പരാതി. സംസ്ഥാനത്തു തന്നെ കൂടുതൽ യാത്രക്കാരുള്ള ജില്ലയിൽ സ്റ്റോപ്പില്ലാത്തത് യാത്രക്കായി കോഴിക്കോടിനെ ആശ്രയിക്കേണ്ട അവസ്ഥ സംജാതമാക്കുമെന്നും എ.കെ.എ. നസീർ ആവശ്യപ്പെട്ടു. ഷെഡ്യൂൾ പുറത്തിറങ്ങിയപ്പോൾ തിരൂരിൽ സ്റ്റോപ് അനുവദിക്കാത്തതിൽ വിഷമമുണ്ടെന്ന് റെയിൽ യൂസേഴ്സ് ഫോറം ചെയർമാൻ മുനീർ കുറുമ്പടിയും ജനറൽ കൺവീനർ എം.സി. മനോജ് കുമാറും പറഞ്ഞു.
ജനസംഖ്യയിൽ കൂടുതലുള്ള മലപ്പുറത്തിന് പരിഗണന ലഭിക്കാത്ത പക്ഷം കോഴിക്കോടിനെയോ ഷൊർണൂരിനെയോ ആശ്രയിക്കേണ്ട ഗതികേടിലേക്ക് മലപ്പുറത്തുകാർ മാറും. ജില്ലയുടെ തന്നെ റെയിൽ വികസനത്തിന് കാരണമാകുന്ന ഇക്കാര്യത്തിൽ കക്ഷി വ്യത്യാസം മറന്ന് ജനപ്രതിനിധികൾ ഇടപെടണമെന്നും റെയിൽ യൂസേഴ്സ് ഫോറം ചൂണ്ടിക്കാട്ടി. സ്റ്റോപ് പിൻവലിച്ച നടപടിയില്‍ മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ്സ് വെൽഫേർ അസോസിയേഷന് പ്രതിഷേധിച്ചു.
റെയില്‍വേ അധികൃതര്‍ തിരൂർ സ്റ്റേഷനോട് നിരന്തരം അവഗണന കാണിക്കുന്നതായും വികസനത്തിന്റെ ഗുണഫലങ്ങള്‍ എല്ലാ ജനങ്ങള്‍ക്കും ലഭ്യമാക്കണമെന്നും അടിയന്തിര എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
കെ. രഘുനാഥ് അധ്യക്ഷത വഹിച്ചു. കെ.കെ. റസാഖ് ഹാജി തിരൂർ, എം. ഫിറോസ് കാപ്പാട്, പി.പി. അബ്ദുൽ റഹ്മാന്, രാമനാഥൻ കോഴിക്കോട്, കെ. അഷ്റഫ് അരിയല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.