മലപ്പുറം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദി പ്രസിൽ മന്ത്രി വി. ശിവന്‍കുട്ടി സംസാരിക്കുന്നു
മലപ്പുറം: ആരെയെങ്കിലുമൊക്കെ ബാധിക്കുമെന്ന് നോക്കി കാര്യങ്ങൾ തീരുമാനിക്കാൻ പറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മലപ്പുറം പ്രസ് ക്ലബിൽ നടന്ന മുഖാമുഖത്തിൽ സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കാര്യങ്ങൾ തീരുമാനിക്കാനാണ് ജനം തെരഞ്ഞെടുത്ത് അയച്ചത്. എല്ലാ കാര്യങ്ങളും നാട്ടിലെ എല്ലാവരോടും ചർച്ച ചെയ്യേണ്ട ആവശ്യമില്ല. പൊതുജനാഭിപ്രായം വേണ്ട വിഷയങ്ങളുണ്ടെങ്കിൽ അത് തേടുന്നതിന് കുഴപ്പമില്ല.
ഓരോ വിഷയങ്ങളും ബാധിക്കുന്ന എല്ലാവരെയും വിളിച്ച് ചർച്ച നടത്തുന്ന രീതി സർക്കാറിനില്ലെന്നും മന്ത്രി പറഞ്ഞു. ഫിറ്റ്നസില്ലാത്ത സ്കൂൾ കെട്ടിടങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ വേഗത്തിൽ പരിഹാരം കാണാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. കലക്ടർമാർക്കുള്ള പ്രത്യേകാധികാരങ്ങൾ ഇക്കാര്യത്തിൽ ഉപയോഗപ്പെടുത്തും.
സ്കൂളുകളിൽ മൊബൈൽ ദുരുപയോഗം കൂടുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിൽ രക്ഷാകർത്താക്കൾ ശ്രദ്ധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കുട്ടികളിലെ മൊബൈൽ ആസക്തി കുറക്കുന്നതിനും ലഹരി വിരുദ്ധ പ്രവർത്തങ്ങൾക്കുമായി അധ്യാപകർക്ക് ഒരു മാസത്തിനുള്ളിൽ പ്രത്യേക പരിശീലനം നൽകും.
മലപ്പുറം: ജില്ലയിലെ ഉയർന്ന വിദ്യാർഥി-അധ്യാപക അനുപാതത്തിൽ പ്രശ്നങ്ങളുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി. പ്ലസ് വൺ, പ്ലസ്ടു ക്ലാസുകളിൽ ഒരു ക്ലാസിൽ 60 കുട്ടികള്‍ വരെയുള്ളത് പ്രശ്നമാണ്. ഭാവിയിൽ ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ ആലോചിക്കേണ്ടിയിരിക്കുന്നുവെന്നും നിലവിൽ അധ്യാപകർ കൂടുതൽ ശ്രദ്ധ ചെലുത്തുകയെന്നത് മാത്രമാണ് പരിഹാരമെന്നും മന്ത്രി പറഞ്ഞു.
അവധിക്കാലമാറ്റമെന്ന നിർദേശത്തിന് നല്ല പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്. വർത്തമാനകാല വിദ്യാഭ്യാസത്തിൽ പുതുമകളും നല്ല മാറ്റങ്ങളും വേണം. പഴഞ്ചൻ രീതികളിൽനിന്നിട്ട് കാര്യമില്ല. ബാക്ക് ബെഞ്ചേഴ്സ് എന്ന സങ്കൽപം ഒഴിവാക്കിയുള്ള സീറ്റിങ് സംവിധാനം ആലോചനയിലാണ്. ക്ലാസ് മുറിയിൽ ‘യു’ മാതൃകയിൽ ഇരുത്തിയാൽ എല്ലാ കുട്ടികൾക്കും ഒരേ ശ്രദ്ധ ലഭിക്കും. പുതിയ കെട്ടിടങ്ങളിൽ ഇതിന് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.