മലപ്പുറം: ലോകമെമ്പാടുമുള്ള മലയാളി മനസ്സിനെ ഭേദചിന്തകൾക്കപ്പുറം ഒന്നിപ്പിക്കുന്ന തിരുവോണ നാൾ ഇന്ന്. നാടും നഗരവും ഒഴുകിയെത്തിയ ഉത്രാടപ്പാച്ചിലിന്റെയും തിരക്കിലമർന്ന നബിദിന റാലികൾക്കും ശേഷം ബുധനാഴ്ച ഓണനാളായ തിരുവോണത്തിന്റെ ശാന്തതയിലേക്കും സന്തോഷത്തിലേക്കും ജില്ല കടന്നു. ഉത്രാടം നാളായ ചൊവ്വാഴ്ച വൈകീട്ട് വരെ ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ മലപ്പുറം, മഞ്ചേരി, കോട്ടക്കൽ, പെരിന്തൽമണ്ണ, തിരൂർ, പൊന്നാനി എന്നിവിടങ്ങളിൽ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. വസ്ത്രശാലകളും പച്ചക്കറി വിപണികളും പൂക്കടകളും തിരക്കിലായിരുന്നു.
തിരക്കുകളെല്ലാം മാറി ബുധനാഴ്ച പുലർച്ചെ മുതൽ വീടുകളിൽ ഓണാഘോഷ ചടങ്ങുകൾക്ക് തുടക്കമായി. അത്തം നാൾ മുതൽ ഇട്ട ചെറിയ പൂക്കളങ്ങളിൽനിന്ന് മാറി, തിരുവോണ നാളിൽ വീട്ടുമുറ്റങ്ങളിൽ വലിയ പൂക്കളങ്ങൾ ഒരുങ്ങി. വീട്ടിലെ മുതിർന്നവരും കുട്ടികളും ചേർന്നാണ് പുലർച്ചെ തന്നെ മുറ്റം വൃത്തിയാക്കി പൂക്കളം തീർത്തത്. മണ്ണിൽ തീർത്ത തൃക്കാക്കരയപ്പനെ (ഓണത്തപ്പൻ) കുരവയിട്ട് പ്രതിഷ്ഠിച്ച്, അട നിവേദ്യം അർപ്പിക്കുന്ന പരമ്പരാഗത ചടങ്ങുകളും പല കുടുംബങ്ങളിലും നടന്നു.
ഓണക്കോടിയണിഞ്ഞ് കുടുംബാംഗങ്ങൾ പരസ്പരം ഓണ ആശംസകൾ കൈമാറി. പ്രവാസ ലോകത്തുനിന്നും മറ്റും നാട്ടിലെത്തിയ പ്രിയപ്പെട്ടവർക്കൊപ്പം ഒത്തുചേരാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ജില്ലയിലെ പല കുടുംബങ്ങളും.
തിരുവോണത്തിന്റെ പ്രധാന ആകർഷണമായ സദ്യവട്ടങ്ങൾക്കായുള്ള തിരക്കിലാണ് അടുക്കളകളിൽ അമ്മമാരും മറ്റും. കാളൻ, ഓലൻ, അവിയൽ, എരിശ്ശേരി, പായസം തുടങ്ങിയ വിഭവങ്ങളോടെയുള്ള വിഭവസമൃദ്ധമായ സദ്യക്കായി കാത്തിരിക്കുകയാണ് വീട്ടുകാർ. എന്നാൽ, പല കുടുംബങ്ങളും കാറ്ററിങ് സ്ഥാപനങ്ങളെയാണ് ഇപ്പോൾ സദ്യക്കായി ആശ്രയിക്കുന്നത്.
വിവിധ പ്രാദേശിക ക്ലബുകളുടെയും വായനശാലകളുടെയും നേതൃത്വത്തിൽ കോവിഡ് കാലത്തിന് ശേഷമുള്ള വലിയ രീതിയിലുള്ള ഓണാഘോഷ പരിപാടികളാണ് ഇന്ന് ഉച്ചക്ക് ശേഷം സംഘടിപ്പിരിക്കുന്നത്. വടംവലി, ഉറിയടി, സുന്ദരിക്ക് പൊട്ടുതൊടൽ, കസേരകളി തുടങ്ങിയ നാടൻ മത്സരങ്ങൾ ഗ്രാമപ്രദേശങ്ങളിൽ ഉത്സവപ്രതീതി ഉണർത്തും. മാവേലി മന്നനെ വരവേൽക്കാൻ പൂർണസജ്ജമായ ജില്ലയിലെങ്ങും ഇനിയുള്ള ദിവസങ്ങൾ ഓണപ്പാട്ടുകളുടെയും ഒത്തുചേരലുകളുടെയും വേളയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.