മാധ്യമം ഹെൽത്ത് കെയർ ട്രസ്റ്റ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിക്ക് നൽകിയ ഡയാലിസിസ് മെഷീൻ
മഞ്ചേരി: മെഡിക്കൽ കോളജ് ആശുപത്രിയുടെ വികസന ചർച്ചക്ക് വേദിയായി മാധ്യമം ഹെൽത്ത് കെയർ ട്രസ്റ്റിന്റെ ഡയാലിസിസ് മെഷീൻ സമർപ്പണ ചടങ്ങ്. ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്തതയും പരിഹാര നിർദേശങ്ങളും ചർച്ചയിൽ ഉയർന്നു. ഒരു പാട് പരിമിതികൾക്കുള്ളിലാണ് മഞ്ചേരി മെഡിക്കൽ കോളജ് പ്രവർത്തിക്കുന്നതെന്ന് ഉദ്ഘാടകനായ അഡ്വ. എം. റഹ്മത്തുല്ല എം.എൽ.എ പറഞ്ഞു. പതുക്കെയാണെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ മുന്നോട്ടു വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കൽ കോളജ് നെഫ്രോളജി ഡിപാർട്ട്മെന്റിന്റെ പരിമിതികൾ മെഡിക്കൽ എജുക്കേഷൻ ഡയറക്റുടെ ശ്രദ്ധയിൽകൊണ്ടുവന്നിട്ടുണ്ട്. അടുത്ത ഏഴിന് ഡി.എം.ഇ നേരിട്ട് പരിശോധിച്ച് ജില്ല കലക്ടറുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കാമെന്നറിയിച്ചിട്ടുണ്ട്.
എട്ട് ഡയാലിസിസ് മെഷീനുകൾ പ്രവർത്തിപ്പിക്കാനുള്ള സൗകര്യമുള്ള കേന്ദ്രമാണ് ഇവിടെയുള്ളത്. നിർഭാഗ്യവശാൽ രണ്ടെണ്ണം കേടായി കിടക്കുകയാണ്. നിലവിൽ, മൂന്നെണ്ണമാണ് പ്രവർത്തിക്കുന്നത്. അതിലേക്കാണ് മാധ്യമം ഹെൽത്ത് കെയറിന്റെ സംഭാവനയായി ഒരു മെഷീൻ ലഭിച്ചിരിക്കുന്നത്. എന്നാൽ, സമ്പൂർണാർഥത്തിൽ പ്രവർത്തനക്ഷമമാവാൻ നാല് മെഷീനുകൾ കൂടി വേണം. ഇത് എതാനും മാസങ്ങൾക്കുള്ളിൽ ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും എം.എൽ.എ പറഞ്ഞു.
മഞ്ചേരി മെഡിക്കൽ കോളജിന് ഓണസമ്മാനമായാണ് മാധ്യമം ഹെൽത്ത് കെയർ ട്രസ്റ്റ് ഡയാലിസിസ് മെഷീൻ സമ്മാനിച്ചതെന്ന് അധ്യക്ഷനായ മാധ്യമം ചീഫ് ഫിനാൻഷ്യൽ ഓഫിസർ എ.കെ. സിറാജലി പറഞ്ഞു.
വൃക്കരോഗികൾക്ക് കൃത്യസമയത്ത് മികച്ച നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കാനുള്ള സുപ്രധാന ചുവടുവെപ്പാണ് മാധ്യമം ഹെൽത്ത് കെയർ ട്രസ്റ്റിലൂടെ ലഭിച്ചതെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ഷീന പി.എസ് പറഞ്ഞു. ഡയാലിസിസ് മെഷീനുകളുടെ കുറവ് അനുഭവപ്പെടുന്ന മെഡിക്കൽ കോളജിന് മാധ്യമം ഹെൽത്ത് കെയർ ട്രസ്റ്റ് നൽകിയ ഈ ഡയാലിസിസ് മെഷീൻ വലിയ അനുഗ്രഹമാണെന്ന് നെഫ്രോളജി വിഭാഗം മേധാവി ഡോ. സ്മിത വിജയൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.