ഓണാഘോഷത്തിന് സുരക്ഷാ കവചം; വിനോദസഞ്ചാര കേന്ദ്രങ്ങളിലും തിരക്കേറിയ ഇടങ്ങളിലും ഷാഡോ പൊലീസ്

മലപ്പുറം: ഓണാഘോഷ ഭാഗമായി സുരക്ഷ ഉറപ്പാക്കാനും മോഷണം, സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയാനുമായി ജില്ല പൊലീസ് വിപുലമായ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വിനോദസഞ്ചാര കേന്ദ്രങ്ങൾ, പൊതുയിടങ്ങൾ, തിരക്കേറിയ വ്യാപാരകേന്ദ്രങ്ങൾ, പട്ടണങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കും. ഇതിന്റെ ഭാഗമായി ജില്ലയിലെ 34 സ്റ്റേഷനുകളിൽ നിന്നായി 68 ഉദ്യോഗസ്ഥരെ ഷാഡോ പൊലീസ് സംവിധാനത്തിൽ നിയോഗിച്ചു.

മോഷണ സംഘങ്ങളെ നിരീക്ഷിക്കും

വിനോദസഞ്ചാര കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലുമെത്തുന്നവരുടെ സ്വർണം, പണം, പഴ്സ്, മൊബൈൽ ഫോൺ തുടങ്ങിയവ മോഷ്ടിക്കുന്ന സംഘങ്ങളെ കണ്ടെത്താനും മോഷണം തടയാനും ഷാഡോ പൊലീസ് നിരീക്ഷണം നടത്തും. സുരക്ഷക്ക് ഭീഷണിയാകുന്ന സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തി സമയബന്ധിതമായി നടപടി സ്വീകരിക്കാനും സംവിധാനം സഹായമാകും.

തിരക്ക് നിയന്ത്രിക്കാൻ 400ഓളം പൊലീസുകാർ

വലിയ തോതിൽ ജനങ്ങൾ ഒത്തുകൂടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രധാന പട്ടണങ്ങളിലും ഗതാഗത നിയന്ത്രണത്തിനും സുരക്ഷാ ക്രമീകരണങ്ങൾക്കുമായി ഏകദേശം 400ഓളം പൊലീസുകാരെ പ്രത്യേക ഡ്യൂട്ടിക്ക് നിയോഗിച്ചു. ജനത്തിരക്ക് നിയന്ത്രിക്കുക, ഗതാഗതക്കുരുക്ക് ഒഴിവാക്കുക, അപകടസാധ്യതയുള്ള മേഖലകളിൽ നിരീക്ഷണം ശക്തമാക്കുക തുടങ്ങിയവക്ക് അധിക സാന്നിധ്യം ഉറപ്പാക്കും.

വീട് പൂട്ടി പോകുന്നവർക്ക് ആപ്പിലൂടെ അറിയിക്കാം

ഓണാവധിക്കാലത്ത് ബന്ധുവീടുകളിലേക്കോ വിനോദയാത്രക്കോ പോകുന്നവർക്ക് പൊലീസിന്റെ Pol-App-ലെ ‘Locked House Information’ സംവിധാനത്തിലൂടെ വീട് പൂട്ടി പോകുന്ന വിവരം പൊലീസിനെ അറിയിക്കാം. ഇത്തരത്തിൽ മുൻകൂട്ടി വിവരം ലഭിക്കുന്നത് പ്രദേശത്തെ പട്രോളിങ് കൂടുതൽ ഫലപ്രദമാക്കാനും വീടുകളുടെയും പരിസരങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും സഹായമാകും. സംശയസാഹചര്യത്തിൽ പ്രദേശത്ത് എത്തുന്നവരെ നിരീക്ഷിക്കാനും പ്രയോജനപ്പെടും.

അടിയന്തര സഹായത്തിന് 112

അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾ 112 എന്ന പൊലീസ് എമർജൻസി നമ്പറിൽ ബന്ധപ്പെടണം. സംഭവസ്ഥലം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിലൂടെ പൊലീസ് സഹായം വേഗത്തിൽ എത്തിക്കാൻ സാധിക്കും.

Tags:    
News Summary - Police Deploy Shadow Teams and 400 Personnel for Onam Security in Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.