കോൾ മേഖലയിലെ കൃഷിക്ക് വെള്ളം പമ്പ് ചെയ്യുന്ന ആമയം ഉപ്പുങ്ങൽ കടവ്
ചങ്ങരംകുളം: മലപ്പുറം, തൃശൂർ ജില്ലകളെ വേർതിരിക്കുന്ന ആമയം ഉപ്പുങ്ങൽ കടവ് കോൾ മേഖലയിലെ ഹൃദയ ഭൂമിയാണ്. കണ്ണെത്താ ദൂരത്തിൽ ചുറ്റിലും പച്ചവിരിച്ച നെൽപ്പാടങ്ങൾക്ക് കുടിനീര് നൽകുന്നത് ആമയം ഉപ്പുങ്ങൽ കടവാണ്. പ്രദേശത്തെ മിക്ക കോൾപടവിലേക്കും കൃഷിക്ക് ആവശ്യമായ വെള്ളം സംഭരിച്ചുനിർത്തുന്നതും പമ്പു ചെയ്യുന്നതും ഇവിടെ നിന്നാണ്. വർഷങ്ങൾക്ക് മുമ്പ് ഇവിടെ തോണിമാർഗമാണ് മറുകരയെത്തിയിരുന്നത്. കോൾപാടങ്ങൾക്ക് നടുവിലൂടെയുടെ റോഡ് ഏറെ നയന മനോഹരമാണ്. ആമ്പൽ പാടങ്ങളും കോൾപാടങ്ങളും കയർ ഭൂവസ്ത്രം പുതച്ച നൂറടി തോടും പറവകളും ഇതുവഴിയുള്ള യാത്രക്കാർക്ക് ദൃശ്യാനുഭൂതി പകരുന്നു. ഇവിടെ പാലം വന്നതോടെ ഇത് ഗുരുവായൂരിലേക്ക് എളുപ്പവഴിയായി മാറി.
മൂന്ന് പതിറ്റാണ്ട് മുമ്പ് തോണി കടവായിരുന്ന ആമയം ഉപ്പുങ്ങൽ കടവ് ഇന്ന് കോൾമേഖലയിലെ പ്രധാന ജലസംഭരണിയാണ്. മേഖലയിൽ വർഷങ്ങളോളം നീണ്ട താൽക്കാലിക ബണ്ടുനിർമാണത്തിന്റെ ഭാഗമായി ഏറെ മണ്ണടിഞ്ഞ് കടവ് ആഴം കുറഞ്ഞതായി കർഷകർ പറയുന്നു. ബണ്ടുകളിലെ മണ്ണടിഞ്ഞും ചളി നിറഞ്ഞും പൊന്തക്കാടുകൾ മൂടിയും ജലലഭ്യത അൽപം കുറഞ്ഞിട്ടുണ്ട്. സമയബന്ധിതമായ നവീകരണവും ശുചീകരണവും ഈ ജലസംഭരണിക്ക് ഏറെ സഹായകമാകും. ഇത് നവീകരിച്ചാൽ വർഷകാലങ്ങളിൽ കൂടുതൽ മഴവെള്ളം കടലിലേക്കൊഴുകാതെ സംഭരിച്ചുനിർത്താൻ കഴിയും. വേനൽ കാലങ്ങളിൽ കർഷകരുടെ ജലക്ഷാമത്തിനും ഇതോടെ പരിഹാരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.