തേഞ്ഞിപ്പലം: പരീക്ഷ നടത്തിപ്പും ബിരുദ സർട്ടിഫിക്കറ്റ് വിതരണവും സമയബന്ധിതമായി നടത്താത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് യു.ജി.സിയുടെ മുന്നറിയിപ്പ്. ചില ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൃത്യസമയത്ത് പരീക്ഷ നടത്തുന്നില്ലെന്നും ബിരുദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നില്ലെന്നുമുള്ള പരാതികളുടെ പശ്ചാത്തലത്തിലാണ് യു.ജി.സിയുടെ ഇടപെടൽ.
ഇത്തരം അനാസ്ഥ വിദ്യാർഥികൾക്ക് തൊഴിൽ നേടുന്നതിന് തടസ്സം സൃഷ്ടിക്കുന്നതായും അക്കാദമിക് അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതായും യു.ജി.സി വ്യക്തമാക്കി.
2008ലെ യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ പുറത്തിറക്കിയ ‘സർവകലാശാലകൾ നൽകുന്ന ബിരുദങ്ങളും മറ്റ് അവാർഡുകളും’ ചട്ടത്തിലെ വകുപ്പ് 4.4 പ്രകാരം, വിദ്യാർഥികൾ യോഗ്യത നേടുന്ന തീയതി മുതൽ 180 ദിവസത്തിനുള്ളിൽ ബിരുദസർട്ടിഫിക്കറ്റ് നൽകേണ്ടത് നിർബന്ധമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2012ലെ വിദ്യാർഥി അവകാശങ്ങളുമായി ബന്ധപ്പെട്ട യു.ജി.സി മാർഗനിർദേശത്തിലെ വകുപ്പ് 2.6 അനുസരിച്ച്, പ്രോസ്പെക്ടസിലെയും അക്കാദമിക് കലണ്ടറിലെയും വ്യവസ്ഥകൾക്ക് അനുസൃതമായി പരീക്ഷകളും ഫലപ്രഖ്യാപനവും സമയബന്ധിതമായി നടത്തണമെന്നുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് 2024 ജൂൺ 19ന് യു.ജി.സി ഒരു പൊതു അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.